KeralaNattuvarthaLatest NewsNews

എൻ്റെ കരള് ചോർത്തി ചോര കുടിക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് ലീഗ് തന്ത്രപരമായ കരുനീക്കം നടത്തി: കെ ടി ജലീൽ

തിരുവനന്തപുരം: എംഎ സലാമിൻ്റെ ശബ്ദരേഖ പുറത്തു വന്നതോടെ ലീഗിനെ രൂക്ഷമായി വിമർശിച്ച് കെ ടി ജലീൽ. ലീഗ് വിട്ട് പോയവരെ തോൽപ്പിക്കാൻ എന്ത് നെറികേടും മുസ്ലിം ലീഗ് സ്വീകരിക്കുമെന്ന് ഏവർക്കും അറിവുള്ളതാണെന്ന് കെ ടി ജലീൽ പറഞ്ഞു. പതിനെട്ടടവും പമ്പരം പാച്ചിലും പിന്നെ ഒരു കുത്തിത്തിരിപ്പും നടത്തി, വേണ്ടുവോളം കാറ്റുള്ളപ്പോൾ തൂറ്റിയിട്ടും തവനൂരിൽ ഇടതുപക്ഷത്തെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ യുഡിഎഫ്-ബിജെപി-നടേശൻ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന് കഴിയാതെ പോയത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും കെ ടി ജലീൽ പറഞ്ഞു.

Also Read:ഇവിടെ മൈനസ് 9 ഡിഗ്രി തണുപ്പാണ്, വേറെ പ്രശ്‌നങ്ങളില്ല : യുഎസിലെ ചികിത്സ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

‘ഏറ്റവും അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തൊമ്പതിനായിരത്തിലധികവും അതിന് ശേഷം നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ തവനൂർ അസംബ്ലി മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന ബിജെപിയുടെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികൾക്ക് ഇരുപതിനായിരത്തിലധികവും വോട്ടാണ് ലഭിച്ചിരുന്നത്’, ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ബി.ജെ.പി-ലീഗ് വോട്ട് കച്ചവടം. പി.എം.എ സലാമിൻ്റെ ശബ്ദരേഖ പുറത്ത്.

ലീഗ് വിട്ട് പോയവരെ തോൽപ്പിക്കാൻ എന്ത് നെറികേടും മുസ്ലിം ലീഗ് സ്വീകരിക്കുമെന്ന് ഏവർക്കും അറിവുള്ളതാണ്. ഏറ്റവും അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തൊമ്പതിനായിരത്തിലധികവും അതിന് ശേഷം നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ തവനൂർ അസംബ്ലി മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന BJP യുടെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികൾക്ക് ഇരുപതിനായിരത്തിലധികവും വോട്ടാണ് ലഭിച്ചിരുന്നത്. എന്നാൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ BJP ക്ക് വേണ്ടി മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് വെറും ഒൻപതിനായിരത്തി തൊള്ളായിരം മാത്രമാണ്. പതിനായിരം വോട്ടിൻ്റെ കുറവാണ് BJP യുടെ വോട്ടു പെട്ടിയിൽ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകൾ BJP വിറ്റത് ലീഗിൻ്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ്. അതിൻ്റെ ഓഡിയോ ക്ലിപ്പും താമസിയാതെ പുറത്ത് വരും.

മുന്ന് കേന്ദ്ര ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിയാത്തതിൻ്റെ ജാള്യതയും വിദ്വേഷവും മറച്ചു വെക്കാൻ ജനകീയ കോടതിയിൽ ഈയുള്ളവനെ തോൽപ്പിക്കാനായിരുന്നു BJP യുടെ ഗൂഢപദ്ധതി. അത് മനസ്സിലാക്കിയാണ് എൻ്റെ കരള് ചോർത്തി ചോര കുടിക്കാൻ തന്ത്രപരമായ കരുനീക്കം BJP യെ കൂട്ടുപിടിച്ച് ലീഗ് നടത്തിയത്. അതോടൊപ്പം വ്യക്തിപരമായി എന്നെ താറടിക്കാൻ ഫ്രാങ്കോ ഭക്തനായ ഏമാനിൽ നിന്ന് തിട്ടൂരം വാങ്ങിയെടുക്കാൻ മറ്റൊരു ഫ്രാങ്കോയിസ്റ്റിനെ രംഗത്തിറക്കി അനീതിയുടെ ‘പൂന്തോട്ടം’ പണിത് കള്ളക്കളി കളിച്ചതും ലീഗിൻ്റെ രാഷ്ട്രീയ പകപോക്കലിൻ്റെ ഉത്തമ ദൃഷ്ടാന്തമത്രെ.

പതിനെട്ടടവും പമ്പരം പാച്ചിലും പിന്നെ ഒരു കുത്തിത്തിരിപ്പും നടത്തി, വേണ്ടുവോളം കാറ്റുള്ളപ്പോൾ തൂറ്റിയിട്ടും തവനൂരിൽ ഇടതുപക്ഷത്തെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ UDF-BJP-നടേശൻ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന് കഴിയാതെ പോയതും ചരിത്രത്തിലാദ്യമായി എഴുപതിനായിരത്തിലധികം വോട്ടുകൾ തവനൂർ നിയോജക മണ്ഡലത്തിൽ നേടി LDF സാരഥി വിജയിച്ചതും ജനങ്ങൾ അകമഴിഞ്ഞ് പിന്തുണച്ചത് കൊണ്ടാണ്.

ശ്രീനാരായണ ഗുരു ഓപ്പൺ സർപ്പകലാശാലയുടെ വൈസ് ചാൻസലറായി ഡോ: മുബാറക്ക് പാഷയെ നിയമിച്ചതിൽ കലിപൂണ്ട വെള്ളാപ്പള്ളി മുതലാളിയെയും ഈയുള്ളവനെ തറപറ്റിക്കാൻ ലീഗും ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസ്സും അന്ന് കുട്ടുപിടിച്ചത് തവനൂരുകാർക്കറിയുന്ന പരസ്യമായ രഹസ്യമാണ്. ചതിക്കുഴികൾ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും LDF നെ തോൽപ്പിക്കാൻ ലീഗിനോ കോൺഗ്രസ്സിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button