ഇസ്ലാമാബാദ് : കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന ആശങ്കകൾ നിലനിൽക്കെ ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരായി പാകിസ്ഥാൻ. ലഷ്കർ ഇ തോയ്ബ ഭീകര നേതാവ് ഹാഫിസ് സയിദിനെതിരെ ഭീകര വിരുദ്ധ വിഭാഗം കേസെടുത്തു. ഹാഫിസ് സയിദിന്റെ അടുത്ത ബന്ധുവായ അബ്ദുൽ റഹ്മാൻ മക്കി, മറ്റ് ഭീകര നേതാക്കളായ അമീർ ഹംസ, മൊഹമ്മദ് യാഹ്യ അസീസ് എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
അന്താരാഷ്ട്ര നാണയ നിധി പാകിസ്ഥാനു കൊടുക്കുന്ന വായ്പയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം ചേരുന്നതിനു തൊട്ടു മുൻപാണ് നടപടി. മൂന്നുവർഷത്തെ വായ്പ അപേക്ഷയിൽ തീരുമാനമെടുക്കാനാണ് നാണയ നിധിയുടെ ബോർഡ് ചേരുന്നത്.സയീദുമായി ബന്ധമുള്ള ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കുമെതിരേയും കേസെടുത്തിട്ടുണ്ട്.ഹാഫിസിന്റെ മുഖം മൂടീ സംഘടനയായ ജമ അത്ത് ഉദവയിലെ മറ്റ് ഭീകര നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ലാഹോർ , ഗുജ്രൻ വാല , മുൾട്ടാൻ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരേയാണ് നടപടിയെടുത്തത്.ഭീകര പ്രവർത്തനങ്ങൾക്കായി പണം ഒഴുക്കിയെന്ന കേസിലാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാൽ വായ്പ ലഭിക്കാനുള്ള താത്കാലിക നടപടി മാത്രമാണ് പാകിസ്ഥാന്റേതെന്നും ഇതിൽ യാതൊരു ആത്മാർത്ഥതയില്ലെന്നും ആക്ഷേപമുണ്ട്. കാരണം നേരത്തെയും ഇതേ രീതിയിൽ കേസുകളെടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
Post Your Comments