ലാഹോർ: 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനും യു.എൻ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ മകൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മർകസി മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥിയായിട്ടാണ് തൽഹ സയീദ് മത്സരിക്കുക. പാക് ഇംഗ്ലീഷ് ദിനപത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിലെ ഓരോ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ ഇതിനോടകം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
ഹാഫിസ് സയീദിന്റെ മകൻ തൽഹ NA-127, ലാഹോറിൽ നിന്ന് മത്സരിക്കാനാണ് സാധ്യത. യുഎൻ നിയുക്ത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) സ്ഥാപകനായ ഹാഫിസ് സയീദ് നിരവധി തീവ്രവാദ ധനസഹായ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2019 മുതൽ ജയിലിൽ കഴിയുകയാണ്. സയീദിന് അമേരിക്ക 10 മില്യൺ ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുൻ സംഘടനയാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള നിരോധിത ജമാഅത്ത് ഉദ് ദവ (ജെയുഡി).
പിഎംഎംഎല്ലിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ‘കസേര’യാണ്. ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളിൽ മിക്കയിടത്തും തന്റെ പാർട്ടി മത്സരിക്കുന്നുണ്ടെന്ന് പിഎംഎംഎൽ പ്രസിഡന്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഴിമതിക്ക് വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനും പാകിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുമാണ് തങ്ങൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments