ന്യൂഡല്‍ഹി : ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തെ ഏകകണ്ഠമായി സഭ അനുകൂലിച്ചു. ഈ ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായാണു ശബരിമല വിഷയം അവതരിപ്പിച്ചത്. ഇതുള്‍പ്പെടെ ഇന്നലെ അവതരിപ്പിച്ച സ്വകാര്യ ബില്ലുകളിലുള്ള ചര്‍ച്ച ജൂലൈ 12നു നടക്കും. ഏതെല്ലാം ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ഈ മാസം 25നു നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകള്‍ ഇന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ അവതരിപ്പിക്കും. സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. കേന്ദ്രം ഈ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാണ്. ഇത് കൂടാതെ പ്രേമചന്ദ്രന്‍ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതിയുണ്ട്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.
നിയമനിര്‍മാണത്തിനുള്ള ആദ്യ പടിയാണ് ബില്ലുകള്‍. നിയമത്തിന്റെ കരട് രേഖ ബില്ലുകളായാണ് ലോക്‌സഭയിലും രാജ്യസഭയിലും കൊണ്ടുവരിക. രണ്ടിടത്തും അവതരിപ്പിച്ച്, അംഗങ്ങള്‍ ഇതില്‍ ചര്‍ച്ച നടത്തി അത് പാസ്സാക്കിയാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നല്‍കും. രാഷ്ട്രപതി ഇതില്‍ ഒപ്പുവച്ചാല്‍ അത് നിയമമായി. ബില്ലുകള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകള്‍. കേന്ദ്രമന്ത്രിസഭയിലെ ഒരംഗമായിരിക്കും ഈ ബില്ലുകള്‍ കൊണ്ടുവരിക. രണ്ടാമത് സ്വകാര്യ ബില്‍. രാജ്യസഭയിലോ ലോക്‌സഭയിലോ ഉള്ള ഒരംഗത്തിന് ഈ ബില്ല് അവതരിപ്പിക്കാന്‍ അവകാശമുണ്ടായിരിക്കും.
സ്വകാര്യബില്ല് അവതരിപ്പിക്കുന്നതിന് ആദ്യം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കണം. എന്തിനാണ് ബില്ല് കൊണ്ടുവരുന്നതെന്ന് വ്യക്തമാക്കണം. ഈ ബില്ല് ചട്ടപ്രകാരം അവതരിപ്പിക്കാമോ എന്ന് രാജ്യസഭാ സെക്രട്ടേറിയറ്റോ ലോക്‌സഭാ സെക്രട്ടേറിയറ്റോ പരിശോധിക്കും. എന്തെങ്കിലും സംശയം ഇതിലുണ്ടെങ്കില്‍ അതാത് സെക്രട്ടേറിയറ്റുകള്‍ നിയമമന്ത്രാലയത്തിന്റെ സഹായം തേടും. നിയമമന്ത്രാലയം കൂടി അംഗീകരിച്ചാല്‍ ബില്ല് അവതരിപ്പിക്കാന്‍ അവസരം നല്‍കും. ഏതൊക്കെ ബില്ല് അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. പല എംപിമാരും പല വിഷയങ്ങളും സഭയ്ക്ക് മുന്നില്‍ കൊണ്ടുവരുന്നുണ്ടാകാം. പക്ഷേ ഇതില്‍ ഏതൊക്കെയാണ് അവതരിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്.
ചരിത്രപരമായ ബില്ലാണിതെന്നും 2018 സെപ്റ്റംബര്‍ ഒന്നിനു നിലനിന്ന ആചാരങ്ങള്‍ ശബരിമലയില്‍ ഉറപ്പാക്കണമെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ബില്ലില്‍ അപാകതകളുണ്ടെന്നു വ്യക്തമാക്കിയ ഭരണകക്ഷി എംപി: മീനാക്ഷി ലേഖിയെ സ്വകാര്യ ബില്‍ അവതരണവേളയില്‍ സ്പീക്കര്‍ കസേരയില്‍ സഭ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയതു ശ്രദ്ധേയമായി. ശബരിമല വിശ്വാസികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ആചാരസംരക്ഷണത്തിനു നിയമനിര്‍മാണം വേണമെന്നായിരുന്നു ലേഖിയുടെ ആവശ്യം.
Post Your Comments