കൊല്ലം : ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍.എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ വിട്ടുനല്‍കാത്ത സംഭവത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ആര്‍എസ് ഉണ്ണിയുടെ ചെറുമകള്‍ നല്‍കിയ പരാതിയിലാണ് നടപടി. കൊല്ലം ശക്തികുളങ്ങരയിലുള്ള കുടുംബവീട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രേമചന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി.
Read Also : പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ച അംഗീകരിക്കാനാകില്ല, കോണ്‍ഗ്രസ് മാപ്പ് പറയണം : അമിത് ഷാ
പാരമ്പര്യപ്രകാരം കുടുംബ വീടിന്റെ അവകാശി ചെറുമകളാണ്. എന്നാല്‍ വീടിന്റെ ഉടമസ്ഥാവകാശം പതിച്ചു കിട്ടിയിട്ടും എംപിയുടെ നേതൃത്വത്തിലുള്ള ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ഇത് ഒഴിഞ്ഞു നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയില്‍ പ്രേമചന്ദ്രന്‍ എംപിയുടെ കൂട്ടാളികളായ മൂന്ന് പേര്‍ക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
ഫൗണ്ടേഷന്‍ സെക്രട്ടറി പി.എന്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ ഒന്നാം പ്രതിയും, പ്രേമചന്ദ്രന്‍ രണ്ടാം പ്രതിയുമാണ്. വീട്ടില്‍ താമസിക്കാന്‍ ആരംഭിച്ചിട്ടും ഫൗണ്ടേഷന്‍ സെക്രട്ടറി പി.എന്‍ ഉണ്ണികൃഷ്ണന്‍ സാധനങ്ങള്‍ മാറ്റി കൊടുത്തില്ലെന്നും, ആളുകളെവിട്ട് യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
കുടുംബ വീട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് യുവതി നിരവധി തവണ എംപിയെ സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് യുവതി പ്രേമചന്ദ്രന്‍ എംപിക്കെതിരെ പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് വീട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ചത്.
Post Your Comments