സതാംപ്ടണ്: ഇന്ത്യന്‍ താരം എം.എസ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.സി.സി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി, ബി.സി.സി.ഐയെ സമീപിച്ചു.
ഐ.സി.സിയുടെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങാണ് ഗ്ലൗസിലെ സൈനികചിഹ്നങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉപകരണങ്ങളിലും മതം, രാഷ്ട്രീയം, വര്‍ഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുതെന്ന നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകകപ്പിലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ധോണി ഇറങ്ങിയത് ഇന്ത്യന്‍ പാരാ മിലിട്ടറി സ്പെഷ്യല്‍ ഫോഴ്സിന്റെ ബലിദാന്‍ മുദ്രയുള്ള കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയെ ധോണി സ്റ്റമ്പ് ചെയ്യുമ്പോള്‍ ഇത് കൃത്യമായി കാണാമായിരുന്നു. ഇതോടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഐ.സി.സിയുടെ നടപടി.
Post Your Comments