ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ കീഴില്‍ കേന്ദ്രത്തില്‍ വീണ്ടുമൊരു മന്ത്രിസഭ അധികാത്തിലെത്തുമ്പോള് അരുണ്‍ ജെയ്റ്റ്ലി ഉണ്ടായേക്കില്ല. ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് 66-കാരനായ ജെയ്റ്റ്ലി ഇത്തവണ മന്ത്രിസഭയില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് വിവരം. രോഗബാധിതനായ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലോ ബ്രിട്ടനിലോ പോകും. അതേസമയം അദ്ദേഹത്തിനെന്ത് അസുഖമാണെന്നുള്ളത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുറച്ചു നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാണെന്നും, തൊണ്ടയിലെ അസുഖംമൂലം ഏറെനേരം സംസാരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നുമാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. 2014-ല്‍ അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കും, 2018 മേയില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും, 2019 ജനുവരിയില്‍ കാലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് തൊലിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും ജെയ്റ്റ് ലി വിധേയനായിട്ടുണ്ട്.
ഈയാഴ്ചയാദ്യം ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ച ജെയ്റ്റിലി മൂന്നാഴ്ചയായി ഓഫീസില്‍ വരുന്നില്ല. വ്യാഴാഴ്ച ആശുപത്രി വിട്ടെങ്കിലും ബി.ജെ.പി. ആസ്ഥാനത്തുനടന്ന വിജയാഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മന്ത്രിസ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചെന്നാണ് വിവരം. 2014-ല്‍ അമൃത്സറില് മത്സരിച്ച് പരാജപ്പെട്ടിട്ടും മോദി ജെയ്റ്റ്ലിയെ ധനമന്ത്രിയാക്കുകയായിരുന്നു. ഇത്തവണ അദ്ദേഹം മത്സരിച്ചില്ല.
Post Your Comments