ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി എം.കെ സ്റ്റാലിന്റെ മകനും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്. കേന്ദ്രമന്ത്രിമാരായിരുന്ന സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്ലിയുടെയും പെട്ടന്നുണ്ടായ മരണത്തിന് കാരണം മോദിയുടെ മാനസിക പീഡനമാണെന്ന് ഉദയനിധി ആരോപിച്ചു. സീനിയര്‍ നേതാക്കളെ ഒതുക്കിയാണ് മോദി പ്രധാനമന്ത്രിയായതെന്ന് നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു. മോദിക്ക് മുന്നില്‍ കുനിഞ്ഞ് നില്ക്കാന് താന്‍ തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി അല്ലെന്നും ഉദയനിധി പറഞ്ഞു.
അതേസമയം ഉദയനിധിയുടെ പ്രസ്താവനക്കെതിരെ സുഷമാ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ് രംഗത്ത് വന്നു. അനാവശ്യമായി സുഷമാ സ്വരാജിന്റെ പേര് തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ഉപയോഗിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. മോദി എല്ലാ കാലത്തും തന്റെ അമ്മയോട് ബഹുമാനത്തോടും ആദരവോടും കൂടിയാണ് പെരുമാറിട്ടുള്ളത്. പ്രതിസന്ധി സമയത്ത് പാര്‍ട്ടിയും പ്രധാനമന്ത്രിയും ഞങ്ങളോടൊപ്പം തന്നെ നിന്നു. ഉദയനിധിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
അരുണ്‍ ജെയ്റ്റ്ലിയുടെ മകള്‍ സൊനാലി ജെയ്റ്റ്ലി ബക്ഷിയും ഉദയനിധിക്കെതിരെ രംഗത്ത് വന്നു. ‘ തിരഞ്ഞെടുപ്പ് സമ്മര്‍ദം എനിക്ക് മനസിലാകും. എന്നാല്‍ താങ്കളുടെ കള്ളങ്ങള്‍ എന്റെ അച്ഛന്റെ ഓര്‍മകളെ അപമാനിക്കുന്നതാണ്. അരുണ്‍ ജെയ്റ്റ്ലിയും നരേന്ദ്രമോദിയും തമ്മില്‍ രാഷ്ട്രീയത്തിന് അപ്പുറവും പ്രത്യേക ബന്ധം സൂക്ഷിച്ചിരുന്നു. അത്തരം ഒരു സൗഹൃദം താങ്കള്‍ക്കുമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’- അവര്‍ ട്വിറ്ററില്‍ കുറിച്ചു.
2016 മുതല്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന സുഷമ സ്വരാജ് 2019 ഓഗസ്റ്റ് ആറിന് അവരുടെ 67-ാം വയസിലാണ് മരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോശം ആരോഗ്യനിലയെ തുടര്‍ന്ന് ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി. അതേ വര്‍ഷം ഓഗസ്റ്റ് 24 നാണ് മരിക്കുന്നത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ ഇവര്‍ വാജ്പേയി മന്ത്രിസഭയിലും നരേന്ദ്രമോദി മന്ത്രിസഭയിലും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിയിരുന്നു.
Post Your Comments