KeralaLatest News

ശ്രീലങ്കയില്‍ മരിച്ച മലയാളി തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ അച്ഛന്റെ മകള്‍

1989 ഡിസംബര്‍ അവസാനം ഒരു വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ.) എന്ന തമിഴ്പുലികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്

കാസര്‍കോട്: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിനി റസീന ഖാദര്‍ പണ്ട് തമിഴ്പുലികള്‍ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ മലയാളി മൊഗ്രാല്‍ പുത്തൂരിലെ പി.എസ്. അബ്ദുള്ള ഹാജിയുടെ മകള്‍.പുലികളുടെ കേന്ദ്രമായ ജാഫ്നയില്‍നിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വാവുനിയയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവായിരുന്നു അബ്ദുള്ള ഹാജി.

1989 ഡിസംബര്‍ അവസാനം ഒരു വെള്ളിയാഴ്ചയാണ് ശ്രീലങ്കയില്‍ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എല്‍.ടി.ടി.ഇ.) എന്ന തമിഴ്പുലികള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. 29 ദിവസമാണ് അബ്ദുള്ള ഹാജി ഇവരുടെ പിടിയില്‍ കഴിഞ്ഞത്. തട്ടിക്കൊണ്ടു പോയതിനു ശേഷം വന്‍തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

അബ്ദുള്ള ഹാജിയുടെ പാര്‍ട്ടിയായ യു.എന്‍.പി.യിലെ പ്രേമദാസ് ആയിരുന്നു അന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. കൂടാതെ വിദേശകാര്യമന്ത്രി ഷാഹുല്‍ ഹമീദ്, സ്പീക്കര്‍ എം.എ. മുഹമ്മദ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. എന്നാല്‍ ഇവരുടെ ഇടപെടല്‍ ഫലവത്താകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വന്‍തുക കൊടുത്താണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

തടവിലായിരുന്ന സമയത്ത് ഭാര്യ റുഖ്യബി ഷംനാടിന് പലതവണ അദ്ദേഹം കത്തയച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മോചന ദിവസം മാത്രമാണ് പുലികള്‍ റുഖിയാബിക്ക് നല്‍കിയത്.

1949-ല്‍ 15-ാം വയസ്സില്‍ മൊഗ്രാല്‍ പുത്തൂരില്‍നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിയത്. ചുരുങ്ങിയ കാലംക്കൊണ്ട് തന്നെ അവിടെ പൊതു രംഗത്ത് സജീവമായ അബ്ദുള്ള ഹാജി സാമൂഹികസേവനത്തിന് ശ്രീലങ്കാ സര്‍ക്കാരിന്റെ ജസ്റ്റിസ് ഓഫ് പീസ് ബഹുമതി നേടിയിട്ടുണ്ട്. സിലോണിലെ കേരള അസോസിയേഷന്റെയും ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. തമിഴ് വംശീയ പ്രശ്നം കത്തിക്കാളുമ്പോള്‍ തമിഴര്‍ക്ക് തന്റെ വീട്ടില്‍ അഭയം നല്‍കാനും അദ്ദേഹം മടിച്ചിരുന്നില്ല. 2015-ല്‍ മംഗളുരൂ കുദ്രോളിയിലെ വീട്ടില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button