കൊച്ചി: സഹായം അഭ്യര്‍ത്ഥിച്ച് ഫെയിസ്ബുക്കില്‍ കമന്റ് ചെയ്തയാള്‍ക്ക് കൈതാങ്ങുമായി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രം മധുരരാജയുടെ പോസ്റ്ററിന് താഴെയാണ് പ്രേംകുമാര്‍ എന്ന വ്യക്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ട് സഹായം അഭ്യര്‍ത്ഥിച്ചത്. അപകടം സംഭവിച്ച് കിടപ്പിലായ തന്റെ വീട് ജപ്തി ചെയ്തുപോകുമെന്നും സഹായിക്കണമെന്നുമായിരുന്നു പ്രേം കുമാറിന്റെ കമന്റ്. കമന്റ് ഏറ്റെടുത്ത സോഷ്യല്‍ മീഡിയ മമ്മൂട്ടിയുടെ ശ്രദ്ധയിലെത്തുന്നത് വരെ ഇക്കാര്യം ഷെയര്‍ ചെയ്യാന്‍ ആഹ്വാനം ചെയ്തു. തുടര്‍ന്നാണ് മമ്മൂട്ടി വിഷയത്തില്‍ ഇടപെടുന്നത്.
വിഷയത്തില്‍ ഇടപെടാന്‍ മമ്മൂട്ടി തന്റെ പബ്ലിക് റിലേഷന്‍ ഓഫീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടര്‍ന്ന് മാനേജിങ് ഡയറക്ടര്‍ റവ. ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു കഴിഞ്ഞതായി മമ്മൂട്ടിയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ റോബര്‍ട്ട് കുര്യന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
നിലവില്‍ മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളില്‍ ഒന്നും പരിഹരിക്കാന്‍ ആവുന്ന പ്രശ്നങ്ങള്‍ അല്ല പ്രേംകുമാറിന്റേത് എങ്കില്‍ പോലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന് താരം നിര്‍ദേശം നല്‍കിയതായി റോബര്‍ട്ട് കുര്യന്‍ പറഞ്ഞു. താരം ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ഫാ: തോമസ് കുര്യന്‍ മരോട്ടിപ്പുഴ അടുത്ത ദിവസങ്ങളില്‍ തന്നെ സന്ദര്‍ശിക്കുകയും സഹായിക്കാവുന്ന കൂടുതല്‍ സാദ്ധ്യതകള്‍ ആരായുന്നതുമാണെന്നും റോബര്‍ട്ട് കുര്യന്‍ വ്യക്തമാക്കി.
Post Your Comments