തിരുവനന്തപുരം: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ തണ്ണീര്‍ത്തടം നികത്തലിനെതിരെ ജില്ലാ കളക്ടര്‍ നടപടി എടുക്കാത്തത് പ്രതിക്ഷേധത്തിന് ഇടയാക്കി. ഉത്തരവ് വന്ന് ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കളക്ടര്‍ക്കെതിരെ വീണ്ടും ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍.
10 ഏക്കര്‍ കുളം ഉള്‍പ്പെടെ 20 ഏക്കര്‍ നിലം നികത്തിയാണ് നിര്‍മ്മാണം നടത്തുന്നത്. പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായ തെറ്റിയാര്‍ ഉള്‍പ്പെടെ നികത്തിക്കഴിഞ്ഞു. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
തണ്ണീര്‍ത്തടം നികത്തിയുള്ള ടെക്നോപാക്കിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 19 നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് വന്ന് ഒരു മാസം പിന്നിട്ടിട്ടും ടെക്നോപാക്കിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ വീണ്ടും ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.
എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ വിശദീകരിച്ചു. ഹരിത ട്രിബ്യൂണലിന്റെ നോട്ടീസില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും നിലപാട് അറിഞ്ഞ ശേഷം മറുപടി നല്‍കുമെന്നും കലക്ടര്‍ കെ വാസുകി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Post Your Comments