ന്യൂഡല്‍ഹി : പുനര്‍നിര്‍മാണത്തിനു സഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. വിദേശയാത്രയ്ക്കുള്ള മന്ത്രിമാരുടെ അപേക്ഷ കേന്ദം നിരസിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യവകുപ്പ് സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഫണ്ട് ലഭിക്കേണ്ട ആവശ്യകതയും വ്യക്തമാക്കിയാണു കത്തുനല്‍കിയത്.
നേരത്തെ തന്നെ മന്ത്രിമാരുടെ വിദേശസന്ദര്‍ശനം കേന്ദ്രം വിലക്കിയിരുന്നു. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകുന്നതിനുള്ള അനുമതിയാണ് നല്‍കിയത്. ഈ മാസം 17 മുതല്‍ 21 വരെ വിദേശ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് ശേഖരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. പഴ്‌സണല്‍ സ്റ്റാഫുകളും ഒപ്പം വേണമെന്നു മന്ത്രിമാര്‍ പറഞ്ഞിരുന്നെങ്കിലും ഇത് മുഖ്യമന്ത്രി അംഗീകരിച്ചില്ല.
17ന് അബുദാബി, 19ന് ദുബായ്, 20ന് ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉല്‍മല്‍ ക്വീന്‍, ഫുജൈറ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. മറ്റു മന്ത്രിമാര്‍ ഖത്തര്‍, കുവൈത്ത്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ജര്‍മനി, യുഎസ്, കാനഡ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളാണു സന്ദര്‍ശിക്കാനിരുന്നത്.
Post Your Comments