കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കോളയാട് വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചാം പ്രതി അറസ്റ്റിലായി. കൂത്തു പറമ്പ് നീര്‍വേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി ഫൈസല്‍ (24) ആണ് അറസ്റ്റിലായത്. ഫൈസലിനെ വിരാജ് പേട്ടയില്‍ നിന്നാണ് പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജനുവരി 19നാണ് പേരാവൂര്‍ ഗവ: ഐടിഐ വിദ്യാര്‍ത്ഥിയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ പിന്തുടര്‍ന്ന എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത്.
കേസിലെ നാല് പ്രതികളെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ വയനാട്ടില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. സംഭവ ദിവസം കാക്കയങ്ങാട് ഐ.ടി.ഐയില്‍ നിന്ന് ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ടതിന്റെ വിവരം മറ്റ് പ്രതികള്‍ക്ക് നല്‍കിയത് ഫൈസലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശ്യാമപ്രസാദ് കൊല്ലപ്പെടുന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും ഇയാള്‍ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതായും കൊലപാതക ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഫൈസല്‍ ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ് എന്നിവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം ഒളിവില്‍ പോയ പ്രതി ഫൈസല്‍ രണ്ട് മാസത്തിന് ശേഷമാണ് പോലീസിന്റെ വലയിലാകുന്നത്.
Post Your Comments