Latest NewsKeralaNews

തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി.യുടെ കൈത്താങ്ങ്

തിരുവനന്തപുരം: മാറിനിൽക്കുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബി.ഡി.ജെ.എസിനെയും ‘വന്‍വില’ നല്‍കി ദേശീയ ജനാധിപത്യസഖ്യത്തില്‍ (എന്‍.ഡി.എ.) ഒപ്പംനിര്‍ത്താന്‍ ഒരുങ്ങി ബി.ജെ.പി.

ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ബി.ജെ.പി. അക്കൗണ്ടില്‍ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുമത്സരിക്കുമെന്ന ബി.ഡി.ജെ.എസ്. മുന്നറിയിപ്പിലെ അപായസൂചന തിരിച്ചറിഞ്ഞാണ് നീക്കം.

Read also: ഇത്തരം സാധനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുതെന്ന് വിമാന കമ്പനി

ഫെബ്രുവരി 18-ന് ബി.ജെ.പി. കേന്ദ്ര ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഡല്‍ഹിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംഘടനാസെക്രട്ടറി എം. ഗണേശന്‍, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തുഷാറിന് രാജ്യസഭാസീറ്റ് നല്‍കാന്‍ ധാരണയായത്.

മാര്‍ച്ച്‌ 23-ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള 59 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ബി.ജെ.പി.ക്ക് വിജയം ഉറപ്പുള്ള സീറ്റിലായിരിക്കും തുഷാര്‍ മത്സരിക്കുക. 12-നുമുമ്പ് തുഷാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള 42,682 വോട്ടുനേടി ഇരുമുന്നണികള്‍ക്കും കടുത്ത ഭീഷണി ഉയര്‍ത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും അദ്ദേഹത്തെത്തന്നെ പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 67.4 ശതമാനം വരുന്ന ഹിന്ദു വോട്ടര്‍മാരില്‍ 19.5 ശതമാനം ഈഴവ വിഭാഗത്തില്‍പ്പെട്ടവരും 12.6 ശതമാനം പേര്‍ പട്ടികവിഭാഗക്കാരുമാണ്.ഈ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ വിജയസാധ്യതയുണ്ടെന്നും അതിന് ബി.ഡി.ജെ.എസ്. ഒപ്പം വേണമെന്നും കുമ്മനം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

ഉത്തര്‍പ്രദേശിലെ 10 സീറ്റും മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ആറുവീതം സീറ്റും ഒഴിവുണ്ട്. മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തില്‍ നാലും രാജസ്ഥാനില്‍ മൂന്നും ഒഴിവുണ്ട്. ഇവയിലൊന്നില്‍നിന്നായിരിക്കും തുഷാര്‍ മത്സരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button