Technology

വൈഫൈയുടെ അവസാനമോ ? മൂന്ന് മിനുട്ട്‌കൊണ്ട് ഇരുപത് സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വേഗതയുമായി ലൈഫൈ എത്തുന്നു

വൈഫൈയ്ക്ക് വേഗത പോരെന്ന പരാതി ഇനി ആര്‍ക്കും വേണ്ട. വൈഫൈയുടെ സ്ഥാനത്ത് വരാന്‍ പോകുന്നത് അതിന്റെ നൂറിരട്ടി സ്പീഡുള്ള ലൈ-ഫൈ. ഇതിന്റെ പരീക്ഷണ ഉപയോഗം ഇന്ത്യയിലും തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടത്തിയത്. രാജ്യത്ത് അതിവേഗ ഡേറ്റാ കൈമാറ്റം സാധ്യമാക്കുക എന്ന ലക്ഷ്യമിട്ടാണ് ലൈ-ഫൈ പരീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാന്‍ രാജ്യത്ത് അതിവേഗ നെറ്റ്വര്‍ക്കുകള്‍ വേണ്ടി വരും. ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കീഴില്‍ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുന്‍കൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും ലൈ-ഫൈ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ഫിലിപ്‌സ് ലൈറ്റ്നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേര്‍ന്ന് ഇആര്‍എന്‍ഇടി ആണ് ലൈ-ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് കൈമാറാന്‍ കഴിഞ്ഞത്. എന്നാല്‍ ലൈ-ഫൈ വഴി സെക്കന്‍ഡില്‍ 20 ജിബി വരെ കൈമാറ്റം ചെയ്യാം. ഒന്നര ജിബിയുള്ള 20 സിനിമകള്‍ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും എന്നതാണ് ലൈഫൈയുടെ പ്രത്യേകത.

ദൃശ്യമായ പ്രകാശത്തിലൂടെയാണ് ലൈഫൈയില്‍ ഡേറ്റാ കൈമാറ്റം നടക്കുന്നത്. നിലവില്‍ ചില ഓഫീസുകളിലും വ്യാവസായിക മേഖലകളിലും ലൈഫൈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായിരിക്കും ലൈഫൈ കൊണ്ടുവരുന്നത്.

400 മുതല്‍ 800 ടെറാഹെര്‍ട്സിലുള്ള വെളിച്ചം ഉപയോഗിച്ചാണ് ബൈനറി കോഡിലുള്ള ഡേറ്റാ വിനിമയം നടത്തുന്നത്. ദൃശ്യമായ വെളിച്ചം ഉപയോഗിക്കുന്നതുകൊണ്ട് കൂടുതല്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നു. വെളിച്ചത്തിന് ഭിത്തികള്‍ കടക്കാന്‍ കഴിവില്ലാത്തതുകൊണ്ടു നെറ്റ്വര്‍ക്ക് കൂടുതല്‍ സുരക്ഷിതമാകുകയും മറ്റു സാങ്കേതിക തടസങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും.

ലൈഫൈ ഉഗ്രന്‍ പരിപാടിയാണെങ്കിലും നിലവിലെ വൈഫൈയ്ക്ക് പകരക്കാരനാവാന്‍ ഇതിന് കഴിയുമോയെന്ന സംശയം പല വിദഗ്ധരും പ്രകടിപ്പിക്കുന്നുണ്ട്. ലൈഫൈ ടെക്നോളജി മികച്ചതാക്കാന്‍ രണ്ടു വയര്‍ലെസ്സ് സിസ്റ്റങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. 2011ല്‍ എഡിന്‍ബെര്‍ഗ് സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് എന്ന ഗവേഷകന്‍ ആണ് ലൈഫൈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു സെല്ലുലാര്‍ ടവര്‍ വഴി വിനിമയം ചെയ്യുന്നതിനേക്കാള്‍ വേഗം വെറുമൊരു എല്‍ഇഡി ലൈറ്റിലൂടെ വിനിമയം ചെയ്യാന്‍ കഴിയുമെന്നാണ് ഹാസ് ലോകത്തിനു കാണിച്ചുതന്നത്.

മോഴ്സ് കോഡിനു സമാനമായ രീതിയിലാണ് ലൈഫൈയും പ്രവര്‍ത്തിക്കുന്നത്. മോഴ്സ് കോഡ് വിസിബിള്‍ ലൈറ്റ് കമ്യൂണിക്കേഷന്‍ (VLC) ആണ് ഉപയോഗിക്കുന്നതെങ്കിലും, സ്പീഡ് മൂലം നഗ്ന ദൃഷ്ടികള്‍ക്ക് കാണാന്‍ കഴിയില്ല. സ്മാര്‍ട്ട് ലൈറ്റിങ് സൊല്യൂഷന്‍ എന്ന നിലയിലാണ് ഇപ്പോള്‍ പൈലറ്റ് പ്രൊജക്റ്റ് നടക്കുന്ന ഓഫീസുകളില്‍ വെളിച്ചമായി ലൈഫൈ എത്തുന്നത്. പല കമ്പനികളും ലൈഫൈയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button