പത്തനംതിട്ട: അയ്യപ്പഭക്തന്മാർക്ക് സൗജന്യ വൈഫൈ സേവനം എത്തിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. ദേവസ്വം ബോർഡും ബിഎസ്എൻഎല്ലും സംയുക്തമായാണ് ശബരിമലയിൽ സൗജന്യ വൈഫൈ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ നടപ്പന്തലിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് വൈഫൈ ലഭിക്കുകയുള്ളൂ. പിന്നീട് ഘട്ടം ഘട്ടമായി 15 കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ എല്ലാ കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാകുന്നതാണ്. സന്നിധാനത്തിന് പുറമേ, ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും.
ഒരു സിമ്മിൽ നിന്ന് ആദ്യത്തെ അരമണിക്കൂർ മാത്രമാണ് സൗജന്യമായി വൈഫൈ ഉപയോഗിക്കാൻ സാധിക്കുക. 100 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ഉറപ്പുവരുത്തുന്നത്. സൗജന്യ സേവനം അവസാനിച്ചാൽ ഒരു ജിബിക്ക് 9 രൂപയാണ് നിരക്ക്. നടപ്പന്തൽ, താമസ കേന്ദ്രങ്ങൾ, ആശുപത്രി തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വൈഫൈ സൗകര്യമൊരുക്കും. കാനന ക്ഷേത്രമെന്ന നിലയിൽ പരിമിതിയുണ്ടെങ്കിലും ദിവസവും ഒരുലക്ഷത്തോളം ജനങ്ങൾ എത്തുന്ന ഇടമെന്ന നിലയിൽ ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ ഭക്തർക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡിന്റെ നടപടി.
Also Read: കരസേന മേധാവി മനോജ് പാണ്ഡെ ജമ്മുകശ്മീരിലേക്ക്
Post Your Comments