തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുങ്ങി നില്ക്കുന്ന സംസ്ഥാനസര്‍ക്കാര്‍ പുതിയ തീരുമാനവുമായി രംഗത്ത് വന്നു. സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങാനൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍; 60 കോടിയുടെ കോപ്ടര്‍ വാങ്ങിയാല്‍ മാസം 12 ലക്ഷം രൂപ പോകുമെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് സംസ്ഥാനസര്‍ക്കാറുമായി ബന്ധപ്പെട്ടുള്ള അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചത്
മുഖ്യമന്ത്രിമാരാകുമ്പോള്‍ അടിയന്തരഘട്ടത്തില്‍ ചിലപ്പോള്‍ ഹെലികോപ്ടര്‍ യാത്രയൊക്കെ വേണ്ടി വരും. അതില്‍ ക്ഷോഭിച്ചിട്ട് കാര്യമില്ല. കോപ്ടര്‍ യാത്രയുടെ കണക്ക് നോക്കേണ്ട ചുമതലയും മുഖ്യമന്ത്രിക്കല്ല. അടുത്തിടെ തൃശൂര്‍ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്ത് കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചപ്പോള്‍ പിണറായി വിജയന് പറഞ്ഞ ന്യായീകരണമാണിത്.
ഏതായാലും ഇനി ലക്ഷങ്ങള്‍ മുടക്കി കോപ്ടര്‍ വാടകയ്ക്ക് എടുക്കുന്ന പരിപാടിക്ക് സര്‍ക്കാരിനെ കിട്ടില്ല. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനു ഹെലികോപ്ടര്‍ വാങ്ങാനാണു നീക്കം. പദ്ധതി തയാറാക്കാന്‍ ദുരന്ത നിവാരണ അഥോറിറ്റിയെ ചുമതലപ്പെടുത്തി.
പുതിയ ഹെലികോപ്ടറിന് 60 കോടിരൂപയാണു വില. വാടകയ്ക്കെടുത്താല്‍ ഒരു വര്‍ഷം എട്ടുകോടി രൂപ നല്‍കണം. അറ്റകുറ്റപ്പണികള്‍ക്കു പ്രതിമാസം 12 ലക്ഷംരൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലെ തറവാടകയിനത്തില്‍ പ്രതിമാസം 10 ലക്ഷംരൂപയോളം നല്‍കണം. ഇതിനുപുറമേ നാലു പൈലറ്റുമാരും ഗ്രൗണ്ട് സ്റ്റാഫും വേണം. ഇതെല്ലാം സംസ്ഥാനത്തിനു തിരിച്ചടിയാകുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ വാങ്ങാന്‍ തന്നെയാണു തീരുമാനം.
കെ.പി. രാജേന്ദ്രന് റവന്യൂമന്ത്രി ആയിരുന്നപ്പോള്‍ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഹെലികോപ്ടര്‍ വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. പിന്നീട് തുടര്‍നടപടിയൊന്നുമുണ്ടായില്ല. ഇതിനാണ് വീണ്ടും ജീവന് വച്ചിരിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ വ്യോമ, നാവിക സേനകള്‍, തീരരക്ഷാസേന, മറ്റു സ്വകാര്യ കമ്പനികളുടെ ഹെലികോപ്ടറുകളെയാണ് സംസ്ഥാനം ആശ്രയിക്കുന്നത്.
Post Your Comments