തിരുവനന്തപുരം: മോഹന്‍ലാലിന്റെ വില്ലന്‍ ചിത്രത്തിലെ രംഗങ്ങള്‍ തിയേറ്ററിലിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കണ്ണൂര്‍ സവിത തിയേറ്ററില്‍ പുലര്‍ച്ചെ നടന്ന ഫാന്‍ ഷോയ്ക്കിടെ സിനിമയിലെ ചില രംഗങ്ങള്‍ ഒരാള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട വിതരണക്കാരുടെ പ്രതിനിധിയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിലീസിന്റെ ഭാഗമായി ചിലയിടങ്ങളില്‍ ഫാന്‍ ഷോകളും ഏര്‍പ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ കണ്ണൂര്‍ സവിത തിയേറ്ററില്‍ രാവിലെ എട്ട് മണിക്ക് നടന്ന ഷോ കാണാന്‍ മലയോരമേഖലയായ ചെമ്പന്തൊട്ടിയില് നിന്നുമെത്തിയ മുപ്പത്തിമൂന്നുകാരനായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായത്. സിനിമയുടെ സ്റ്റണ്ട് രംഗങ്ങളാണ് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയത്. എന്നാല്‍ യുവാവ് ആവേശം മൂത്തപ്പോള്‍ ചെയ്തുപോയതാണെന്നും സിനിമയുടെ വ്യാജപകര്പ്പുണ്ടാക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് പൊലീസ് നിഗമനം. ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്ന് രാവിലെയാണ് കേരളത്തില്‍ റിലീസ് ചെയ്തത്.
Post Your Comments