MollywoodLatest NewsKeralaNewsEntertainment

‘തിരിച്ചു വരൂ’: മമ്മൂട്ടിയ്ക്കും മോഹൻലാലിനും തുറന്ന കത്തുമായി നടി സീനത്ത്

ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകും.

അടുത്തിടെയായി സിനിമാലോകം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്‌ മമ്മൂട്ടിക്കും മോഹൻലാലിനും തുറന്ന കത്തെഴുതിയിരിക്കുകയാണ് നടി സീനത്ത്. താരസംഘടനയായ അമ്മയെ ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിക്കുന്നുവെന്ന് സീനത്ത് പറയുന്നു. കത്തിന്റെ പൂർണരൂപം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

read also: ബിജെപിയില്‍ എത്തിച്ചത് നരേന്ദ്രമോദിയുടെ പ്രഭാവം, 33 വർഷം നിഷ്പക്ഷമായി പ്രവർത്തിച്ചു: ആര്‍ ശ്രീലേഖ ഐപിഎസ്

കത്തിന്റെ പൂർണരൂപം

മമ്മുക്കക്കും, ലാല്‍ജിക്കും, ഒരു തുറന്ന കത്ത്.

എന്തിനാണ് സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം,എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപ്പെടുന്ന എല്ലാവരും അറിയണം എന്നു തോന്നി.നമ്മളെല്ലാവരും സ്നേഹിക്കുന്നവരെ ഒരു പരിധിയില്‍ കൂടുതല്‍ കുറ്റപ്പെടുത്തുകയും വാക്കുകള്‍കൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ പ്രതികരിക്കാൻ ഭയം ആയിരുന്നു, ഏതു രീതിയില്‍ പ്രതികരിച്ചാലും അതിന്നു താഴെ വരുന്ന സൈബർ ആക്രമണം അത് താങ്ങാൻ എല്ലാവർക്കും പറ്റില്ലല്ലോ. പക്ഷെ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകും.

ആരെന്തു ചെയ്താലും ആവശ്യത്തിന്നും അനാവശ്യത്തിന്നും പഴി കേള്‍ക്കേണ്ടി വരുന്ന ഞങ്ങളുടെയൊക്കെ ശക്തിയായ മമ്മുട്ടി, മോഹൻലാല്‍, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദികേട്. അമ്മ എന്ന സഘടനക്ക് വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്ബർമാരോട് കാണിക്കുന്ന നന്ദികേട്. 1994-ല്‍ രൂപം കൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതല്‍ ആ സംഘടനയില്‍ ഒരു അംഗം ആകാൻ കഴിഞ്ഞതില്‍ ഞാൻ അഭിമാനിക്കുന്നു. അമ്മ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലീയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. എത്രയോ വീടില്ലാത്തവർക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകള്‍ക്ക് 5000 രൂപ വീതം ഒന്നാം തിയതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്ബർമാർക്കും അഞ്ചു ലക്ഷത്തിന്റെ മെഡിക്കല്‍ ഇൻഷുറൻസ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് അമ്മ.

പുതിയ കമിറ്റി രൂപം കൊണ്ടപ്പോള്‍ മരുന്ന് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക്‌ 5000 രൂപക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യൻ സിനിമയില്‍ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്?ചിലപ്പോള്‍ എന്റെ അറിവിന്റെ പരിമിതി ആവാം. അമ്മയുടെ തുടക്കത്തില്‍ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് അമ്മ എന്ന് ഒരിക്കലും കരുതിയില്ല. വർഷങ്ങള്‍ കൂടുംതോറും അമ്മയുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോള്‍ ആരൊക്കെയോ ചേർന്ന് അമ്മയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നൊരു തോന്നല്‍, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു, ഭയം ഉണ്ടാക്കുന്നു.

ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാദ്ധ്യത മമ്മൂട്ടിക്കും മോഹൻലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാർ. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോല്‍പ്പിക്കാൻ? അമ്മ ഇല്ലാതായാല്‍ നഷ്ടം മമ്മുട്ടിക്കും മോഹൻലാലിനും അല്ല, ഒന്നാം തിയതി ആകാൻ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്. ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങള്‍ കാരണം കഷ്ടപ്പെടുന്നവർക്ക്‌ താങ്ങായും തണലായും അമ്മയിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇൻഷുറൻസ് തുക കിട്ടുബോള്‍ ആശ്വസിക്കുന്ന മുഖങ്ങള്‍ ഉണ്ട്.

നിറയെ കാശുള്ളവന് ഇതൊന്നും മനസിലാകണമെന്നില്ല, മനസിലാവാണമെങ്കില്‍ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപ്പെടുന്നവരാണ് ഈ കലാകാരമാർ. എല്ലാവരും കൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോള്‍ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞ് ഇറങ്ങി മോഹൻലാല്‍ എന്ന ആ വലീയ മനുഷ്യൻ. പക്ഷെ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പ്രസിഡന്റ് മോഹൻലാല്‍ തന്നെയാണ്. ഒരു കാര്യം കൂടി പറഞു നിർത്തുന്നു.

പ്രിയപ്പെട്ട മമ്മുക്കാ, ലാല്‍ജി, മമ്മുക്കക്കും ലാലിനും ജനങ്ങളിലേക്ക് എത്താൻ അമ്മ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറീയ ജീവിതത്തില്‍ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങള്‍ നേടിക്കഴിഞ്ഞു. പക്ഷെ അമ്മ എന്ന സഘടനക്ക് നിങ്ങളെ ആവശ്യമാണ്‌, അമ്മയിലെ ഓരോ വ്യക്തികള്‍ക്കും നിങ്ങളെ ആവശ്യമാണ്‌, നിങ്ങളുടെ സേവനം ആവശ്യമാണ്‌. വലിയ ശിഖരങ്ങള്‍ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങള്‍, അതിനു താഴെ തണല്‍ പറ്റി ഇരിക്കാൻ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുകൊണ്ട് അമ്മ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാല്‍ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മുക്കയും മമ്മുക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു അമ്മ ചിന്തിക്കാൻ പോലും പറ്റില്ല.

തിരിച്ചു വരൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button