തിരുവനന്തപുരം: അര്‍ഹതയുള്ള പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിക്ക് പോലും പഠനാവസരം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 85 ശതമാനം സീറ്റുകള്‍ക്കും 11 ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ സുപ്രീം കോടതി അനുമതി നല്കിയ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം കോടതിവിധിയുടെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനായി നടത്തുന്ന നീക്കം അപഹാസ്യമാണ്. യുഡിഎഫ് ഭരണകാലത്തെ നയങ്ങളാണ് വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ കാരണമെയതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
പരിയാരം മെഡിക്കല്‍ കോളേജില്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 25,000 രൂപയും, എസ്.സി, എസ്.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് 45,000 രൂപയും ജനറല്‍ മെറിറ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 2,50,000 രൂപയുമാണ് ഫീസ്. മാനേജ്മെന്റ് സീറ്റില്‍ അഞ്ചുലക്ഷം രൂപയും എന്‍.ആര്.ഐ സീറ്റില്‍ 14 ലക്ഷം രൂപയുമാണ് ഫീസ്. ഈ കരാര്‍ നടപ്പാക്കുമെന്ന മാനേജ്മെന്റിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ക്രിസ്ത്യന്‍ മാനേജുമെന്റിന്റെ നാല് കോളേജുകളും അഞ്ചു ലക്ഷം രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപ കൊള്ളലാഭമടിക്കാന്‍ അവസരം കാത്തിരിക്കുന്ന മറ്റ് സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാകുംവിധം നിയമനിര്‍മമാണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം.
സുപ്രീം കോടതി വിധിപ്രകാരം അന്തിമമായ ഫീസ് നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിയന്ത്രണ സമിതിക്കായതിനാല് സമിതിയുടെ നടപടികള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം പൂര്‍ത്തിയാക്കാന്‍ ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്നതിനും ഫീസ് നിര്‍ണയത്തിന് ശേഷം ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ സഹായിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments