അബുദാബി: റമദാന് മാസാചരണകാലത്ത് രാജ്യതലസ്ഥാനമായ അബുദാബിയില്‍ പകല്‍ സമയത്തെ പാര്‍ക്കിംഗിന് പണമടയ്ക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
റമദാന് ദിനങ്ങളില്‍ വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ ഒന്പതുമുതല് ഉച്ചക്ക് 2 വരെ പാര്‍ക്കിംഗിന് പണമടയ്ക്കണം. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒന്പതുമുതല് 2.30 വരെയുള്ള പാര്‍ക്കിംഗിനും പണമടയ്ക്കണം. വ്യാഴാഴ്ചകളില്‍ പാര്‍ക്കിംഗിന് പണമടയ്ക്കേണ്ടത് രാത്രി 9 മുതല്‍ 12 വരെയാണ്.
എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 9 വരെയുള്ള പാര്‍ക്കിംഗ് തീര്‍ത്തും സൗജന്യമായിരിക്കും. പ്രാര്‍ത്ഥന സമയത്ത് പള്ളിയില്‍ എത്തുന്നവര്‍ പള്ളിയുടെ പരിസരത്ത് പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് അടയ്ക്കേണ്ടതില്ല. എന്നാല്‍ വാഹനക്കുരുക്ക് ഉണ്ടാകാതേയും മറ്റുള്ളവരുടെ വാഹനങ്ങള്‍ നീക്കാനാകാത്ത വിധത്തിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണം.
പാര്‍ക്കിംഗ് ഫീസ് നിലവിലുള്ളതുപോലെ തന്നെയായിരിക്കും. എന്നാല്‍ വെള്ളിയാഴ്ചകളിലും ശനിയാഴ്ച രാവിലെ ഒന്പതുവരെയും പാര്‍ക്കിംഗ് ഫീസ് ഉണ്ടാകുകയില്ല.
പൊതുഗതാഗതത്തിന്റെ ഭാഗമായ ബസ് സര്‍വീസുകള്‍ അബുദാബി സിറ്റി സര്‍വീസുകള്‍ വൈകുന്നേരം ആറു മുതല്‍ എട്ടുവരെ ഉണ്ടായിരിക്കില്ല. അബുദാബിയില്‍ നിന്ന് സമീപപ്രദേശങ്ങളിലേക്കുള്ള സര്‍വീസുകള്‍ 8.30 വരെയുണ്ടാകില്ല.
അതേസമയം, അല്‍ സഹിയയില്‍ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എ 1 സര്‍വീസ് സാധാരണപോലെ 24 മണിക്കൂറും ഉണ്ടാകും.
അല്‍എയ്നില്‍ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വീസുകളും വൈകിട്ട് ആറു മുതല്‍ എട്ടുവരെ മുടക്കമായിരിക്കും. എന്നാല്‍ X90 സര്‍വീസ് സാധാരണപോലെ തുടരും. പടിഞ്ഞാറന്‍ മേഖലകളില്‍ 6.30 മുതല്‍ 8.30 വരെ ബസ് സര്‍വീസ് ഉണ്ടാകില്ല.
Post Your Comments