കാക്കനാട്: അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽനിന്ന് വൻ തുക തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം കുന്നുകാവ് സ്വദേശി നോത്തിയിൽ കുന്നത്തുവീട്ടിൽ ഹബീബ് അബൂബക്കറിനെയാണ് (34) അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്ക് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.
കാക്കനാട് ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ജി പ്ലസ് എന്റർപ്രൈസസ് എന്ന് സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ് നടത്തിയത്. വയനാട് സ്വദേശിയിൽ നിന്ന് 2,58,500 രൂപയാണ് തട്ടിയെടുത്തത്. അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് ഹബീബ് അബൂബക്കർ. സംഭവത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. സമാനരീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിവരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇൻഫോപാർക്ക് സി.ഐ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ അലിക്കുഞ്ഞ്, എ.എസ്.ഐ ജോർജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുരളീധരൻ, സിജിറാം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കും.
Post Your Comments