രാജസ്ഥാനിലെ പുഷ്കറില്‍, പുഷ്കര്‍ തടാകത്തോട് ചേര്‍ന്ന്‍ സ്ഥിതിചെയ്യുന്ന ബ്രഹ്മക്ഷേത്രമാണ് ജഗത്പീഠ ബ്രഹ്മ മന്ദിര്‍. ഇന്ത്യയില്‍ എണ്ണത്തില്‍ വളരെക്കുറവുള്ള ബ്രഹ്മക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.
ഇപ്പോഴുള്ള ക്ഷേത്രഘടന 14-ആം നൂറ്റാണ്ടിലെ നിര്‍മ്മാണരീതിക്കന്സൃതമായിട്ടുള്ളതാണെങ്കിലും ജഗത്പീഠ ബ്രഹ്മമന്ദിറിന് 2,000-ത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മാര്‍ബിളിലാണ് ക്ഷേത്രം പ്രധാനമായും നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ ചുവന്ന നിറത്തിലുള്ള ഗോപുരാഗ്രവും ഹംസത്തെ ആലേഖനം ചെയ്തിട്ടുള്ള അലങ്കാരഗോപുരവും കാഴ്ചയ്ക്ക് അതീവ സുന്ദരമാണ്.
ബ്രഹ്മാദേവനും ഗായത്രീദേവിയുമാണ് ക്ഷേത്രശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. കാര്‍ത്തിക പൂര്‍ണ്ണിമയാണ് ജഗത്പീഠ ബ്രഹ്മമന്ദിറിലെ പ്രധാന ആഘോഷദിനം.
ബ്രഹ്മമന്ദിറിന്‍റെ ഐതിഹ്യത്തില്‍ പറയുന്നത് സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്‍ വളരെ വിരളമായി മാത്രം നിര്‍വഹിച്ചിട്ടുള്ള ശത്രുനിഗ്രഹത്തിന്‍റെ കഥയാണ്. വജ്രനാഭന്‍ എന്ന അസുരന്‍ സാധാരണ ജനങ്ങളുടെ ജീവിതത്തിന് വളരെ വലിയ ഒരു വിപത്തായി മാറിയപ്പോള്‍ ബ്രഹ്മദേവന്‍ തന്‍റെ ഇരിപ്പിടമായ താമരപ്പൂവ് ഒരു ആയുധമാക്കി ഉപയോഗിച്ച് വജ്രനാഭനെ വധിച്ചു. ഇതിനിടെ, താമരപ്പൂവിന്‍റെ ഇതളുകള്‍ ഭൂമിയില്‍ മൂന്നിടതതായി പതിച്ചു. ആ സ്ഥലങ്ങളില്‍ മൂന്നു തടാകങ്ങള്‍ രൂപംകൊണ്ടു. ജ്യേഷ്ഠ പുഷ്കര്‍, മദ്ധ്യ പുഷ്കര്‍, കനിഷ്ക പുഷ്കര്‍ എന്നിവയാണ് ആ തടാകങ്ങള്‍.
ബ്രഹ്മദേവന്‍ തന്നെയാണ് താമരയിതളുകള്‍ പതിച്ച് തടാകങ്ങള്‍ രൂപംകൊണ്ട സ്ഥലത്തിന് പുഷ്കര്‍ എന്ന പേരിട്ടത്. തുടര്‍ന്ന്‍ ബ്രഹ്മദേവന്‍ ഈ സ്ഥലത്ത് വലിയൊരു യജ്ഞം നടത്താന്‍ തീരുമാനിച്ചു. യജ്ഞത്തിന്‍റെ സമയത്ത് ആസുരശക്തികളുടെ ശല്യങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ബ്രഹ്മദേവന്‍ പുഷ്കര്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്‍റെ നാല് വശങ്ങളിലും പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. തെക്ക് രത്നഗിരിയും, വടക്ക് നീലഗിരിയും, പടിഞ്ഞാറ് സഞ്ചൂരയും, കിഴക്ക് സൂര്യഗിരിയും ഇങ്ങനെയാണ് രൂപം കൊണ്ടത്. പക്ഷേ യജ്ഞസമയത്ത് ബ്രഹ്മപത്നി സരസ്വതിക്ക് എത്തിച്ചേരാന്‍ സാധിച്ചില്ല. യജ്ഞത്തില്‍ സരസ്വതിദേവി നിര്‍വ്വഹിക്കേണ്ടതായ ചടങ്ങുകള്‍ മുടങ്ങും എന്ന അവസ്ഥ വന്നപ്പോള്‍ ബ്രഹ്മദേവന്‍ ഗുര്‍ജര്‍ യുവതിയായ ഗായത്രീദേവിയെ വിവാഹം കഴിക്കുകയും യജ്ഞം മുഴുമിപ്പിക്കുകയും ചെയ്തു.
ഈ സമയം അവിടെ എത്തിച്ചേര്‍ന്ന സരസ്വതിദേവി കുപിതയായി ബ്രഹ്മാവിനെ ശപിച്ചു. ഭൂമിയില്‍ ആരും അദ്ദേഹത്തെ ആരാധിക്കാതെ പോകട്ടെ എന്നായിരുന്നു ശാപം. പക്ഷേ, കോപംശമിച്ചപ്പോള്‍ പുഷ്കറില്‍ ബ്രഹ്മദേവനെ ആരാധിക്കുന്നതിന് തടസ്സങ്ങളൊന്നും ഉണ്ടാകില്ല എന്ന്‍ ശാപമോക്ഷവും നല്‍കി. തുടര്‍ന്ന്‍ ബ്രഹ്മയജ്ഞത്തിലൂടെ നേടിയ തപശ്ശക്തിയിലൂടെ ഗായത്രീദേവി പുഷ്കര്‍ തീര്‍ഥാടകകേന്ദ്രങ്ങളുടെ രാജപദവി അലങ്കരിക്കട്ടെ എന്ന അനുഗ്രഹം നല്‍കിയശേഷം രത്നഗിരി മലനിരകളിലേക്ക് യാത്രയാവുകയും അവിടെയുള്ള സാവിത്രി ഝര്‍ന എന്ന പ്രവാഹത്തില്‍ മറയുകയും ചെയ്തു. ഇപ്പോഴും ഈ പ്രവാഹത്തിനു സമീപം ഗായത്രിദേവിയുടെ പേരില്‍ ഒരു ക്ഷേത്രമുണ്ട്.
Post Your Comments