ന്യൂഡല്‍ഹി : ജനം വോട്ട് ചെയ്തത് എല്‍.ഡി.എഫിനാണ് പിണറായി വിജയനല്ലെന്നും വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യം നല്ല ലക്ഷണമല്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ അധികാരമേല്ക്കുന്നതിനെക്കുറിച്ച് രാജ്യത്തെ പല പത്രങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നല്കിയ പരസ്യത്തെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ നേരത്തെ ഇടതു സര്‍ക്കാരുകള്‍ നല്‍കിയിട്ടില്ല. എന്നാല്‍, മറ്റു പല സര്‍ക്കാരുകളും ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച ശേഷമാണ് ഇപ്പോള്‍ വലിയ തോതില്‍ പരസ്യം നല്‍കിയിട്ടുള്ളത്.
പരസ്യത്തില്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ എന്നതിനു പകരം, എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നു നല്കിയാല് ഉചിതമായിരുന്നു. ആദ്യത്തെ നടപടിയെന്ന നിലയില്‍ പരിഗണിച്ചാല്‍ മതി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉത്സാഹമാവാം, അത്യുത്സാഹമരുത്. ഭാവിയില്‍ ഇങ്ങനെ സംഭവിക്കില്ലെന്ന് കരുതാമെന്നും റെഡ്ഡി പറഞ്ഞു.
Post Your Comments