ചെന്നൈ: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷന്‍ തമിഴ്നാട്ടിലെ അരവാക്കുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചു. നാളത്തെ വോട്ടെടുപ്പ് 23ലേക്കാണു മാറ്റിയത്. വോട്ടെണ്ണല്‍ 25നു നടക്കും. രാജ്യത്തെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് അനധികൃത പണമൊഴുക്ക് ചൂണ്ടിക്കാട്ടി വോട്ടെടുപ്പ് മാറ്റിവയ്ക്കുന്നത്.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനത്തിനു മുഖ്യമന്ത്രി ജയലളിതയ്ക്കും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിക്കും കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. അണ്ണാ ഡിഎംകെയുടെയും ഡിഎംകെയുടെയും പ്രകടനപത്രികകളില്‍ പെരുമാറ്റച്ചട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ്.
അരവാക്കുറിച്ചി മണ്ഡലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും പണമൊഴുക്ക് പൂര്‍ണമായി തടയാന്‍ കഴിഞ്ഞില്ലെന്നും ഈ പശ്ചാത്തലത്തില്‍ മറ്റു മാര്‍ഗമില്ലാതെ തിരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. കരൂര്‍ ജില്ലയിലാണ് അരവാക്കുറിച്ചി മണ്ഡലം.
പണമൊഴുക്ക് തടയാന്‍ കര്‍ശന നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലഖോനി അറിയിച്ചു. സംസ്ഥാനത്തുനിന്ന് 104 കോടി രൂപ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 40 കോടിയോളം രൂപ മതിയായ രേഖകള്‍ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ മടക്കി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
Post Your Comments