KeralaNews

കണ്ടിട്ടും കാണാത്ത പോലെ ആദ്യം: പിന്നെ കൈകാട്ടി വിളിച്ച് അരികിലിരുത്തി

നെടുങ്കണ്ടം: വൈരത്തിന്റെ മഞ്ഞുരുകിയ നിമിഷങ്ങളില്‍ വി.എസ് മണിയെ കൈകാട്ടി വിളിച്ച് അടുത്തിരുത്തി. കയ്യേറ്റമൊഴുപ്പിക്കാനെത്തിയാല്‍ കൈവെട്ടുമെന്ന് ഒരിക്കല്‍ പറഞ്ഞ പഴയ അനുയായിയുടെ കൈകളില്‍ കൂട്ടിപ്പിടിച്ച് വി.എസ് മെല്ലെ പറഞ്ഞു. നന്നായിട്ട് വാ… വിജയിച്ച് വാ… അനുഗ്രഹം സ്വീകരിച്ച മണി തലതാഴ്ത്തി കണ്ണടച്ചിരുന്നു.

ഉടുമ്പന്‍ചോല മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം.എം. മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നെടുങ്കണ്ടത്ത് എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മലയോര കര്‍ഷകര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടി ചെറുപ്പകാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന എം.എം. മണിക്ക് വന്‍ വിജയം നേടിക്കൊടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്റെ അഭ്യര്‍ഥന. മുഖ്യമന്ത്രിയായിരിക്കെ മൂന്നാര്‍ വിഷയത്തില്‍ പരസ്യമായി ഇടഞ്ഞ മണിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കാനായി വി.എസ് എത്തിയതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്.

വേദിയിലെത്തിയ വി.എസിനെ മണി കൈക്കൂപ്പി സ്വീകരിച്ചുവെങ്കിലും വി.എസ് മുഖം നല്‍കിയില്ല. നിശബ്ദനായി നിന്ന വി.എസിനോട് കസേരയിലിരിക്കാന്‍ മണി ആംഗ്യം കാട്ടുകയായിരുന്നു. വി.എസ്.ഇത് ശ്രദ്ധിക്കാതെ സദസിലേയ്ക്ക് നോക്കി. വി.എസിന് വയലറ്റ് നിറത്തിലുള്ള ഷാള്‍ പുതപ്പിച്ച മണി വി.എസിന് കൈകൊടുത്തു. ഇരുവരും കൈകള്‍ മുറുകെ പിടിച്ചു. തുടര്‍ന്ന് മണിക്ക് വോട്ട് തേടിയുള്ള വാക്കുകളുമായാണ് വി.എസ്.പ്രസംഗം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button