മാനന്തവാടി: പന്നിപ്പനി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി നഗരസഭയിൽ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി ആരോഗ്യവകുപ്പ്. ആഫ്രിക്കൻ പന്നിപ്പനി ബാധയാണ് (സ്വൈൻ ഫീവർ) ഈ പ്രദേശത്ത് സ്ഥിരീകരിച്ചത്.
മാനന്തവാടിയിലെ അസുഖം ബാധിച്ച ഫാമിലേയും, അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 3 ഫാമുകളിലേയും പന്നികളെയാണ് ദൗത്യസംഘം ദയാവധത്തിന് വിധേയമാക്കിയത്. സർക്കാർ തീരുമാനം നടപ്പാക്കാൻ സംഘം ആദ്യമെത്തിയത് കുറ്റിമൂലയിലെ കർഷകന്റെ ഫാമിലായിരുന്നു. തുടർന്ന് ഇവിടുത്തെ 29 പന്നികളുടെ ദയാവധം നടപ്പിലാക്കി.
മാനന്തവാടി മൃഗാശുപത്രിയിൽ വെച്ച് ചീഫ് വെറ്റിനറി ഓഫീസർമാരായ ഡോക്ടർമാർ കെ.ജയരാജ്, ദയാൽ.എസ്, കെ. ജവഹർ എന്നിവർ ദയാവധ രീതികൾ ആർ.ആർ.ടി അംഗങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. സാഹചര്യം അനുസരിച്ച് ഓരോ ഫാമുകളിലും കൈക്കൊള്ളേണ്ട നടപടികളും യോഗത്തിൽ വിശദീകരിച്ചു കൊടുത്തു.
ഉച്ചയോടെ തുടങ്ങിയ ദയാവധ നടപടികൾ കഴിഞ്ഞ് പന്നികളുടെ മൃതദേഹം ഫാമിനോട് ചേർന്നു തന്നെ കുഴിച്ചിട്ടു. 30 മീറ്റർ അകലത്തിൽ 11 അടി താഴ്ചയിലും 12 അടി വീതിയിലും 12 അടി നീളത്തിലും ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു. രാത്രി വൈകിയാണ് മൂന്നു ഫാമുകളിലേയും ദയാവധ നടപടികൾ പൂർത്തിയായത്.
Post Your Comments