വാഷിംഗ്ടൺ: അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ പടരുന്നു. അരിസോനയിലും ന്യൂമെക്‌സിക്കോ എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായിട്ടുണ്ട്. തുടർച്ചയായി വീശിയടിക്കുന്ന കാറ്റിൽ,കാടുകളിലേക്കും പുൽമേടുകളിലേക്കും തീ വ്യാപിക്കുകയാണ്. സ്ഥലത്ത് ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും തീ അണയ്‌ക്കാനുള്ള പരിശ്രമത്തിലാണ്.
രണ്ടായിരത്തോളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് പ്രദേശത്ത് നിലനിൽക്കുന്നതെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 258 ചതുരശ്ര കിലോമീറ്ററോളം കാട്ടുതീ കത്തിയെരിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അരിസോനയിൽ മൂന്നിടങ്ങളിലും ന്യൂമെക്‌സിക്കോയൽ ആറിടങ്ങളിലുമാണ് തീ പടരുന്നത്. പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ന്യൂമെക്‌സിക്കോയിലെ നാല് കൗണ്ടികളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടുതീ കൂടുതൽ നാശം വിതച്ച അരിസോനയിലെ ഫ്‌ളാഗ്സ്റ്റാഫ് എന്ന മേഖലയിൽ മുപ്പതോളം വീടുകളാണ് കത്തി നശിച്ചത്. ഇടയ്‌ക്കിടെ വരുന്ന വരൾച്ചയാണ് കാട്ടുതീയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ ഗവേഷകർ വ്യക്തമാക്കുന്നു.
Post Your Comments