2021 അവസാനിച്ചപ്പോൾ പലരും ശ്രദ്ധയോടെ നോക്കുന്ന ഒരു കാര്യമാണ്, ആരായിരുന്നു കഴിഞ്ഞ വർഷത്തെ ന്യൂസ്മേക്കർ എന്ന്. തന്റെ ലിസ്റ്റിലുള്ള 5 പേരെ തിരഞ്ഞെടുത്തിരിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. കുഞ്ഞിനുവേണ്ടി പോരാടി വിജയിച്ച അനുപമ ചന്ദ്രൻ, തുടർഭരണം നേടിയ പിണറായി വിജയൻ, സർക്കാരിനെ വെല്ലുവിളിച്ച് പുറത്തുപോയി നിക്ഷേപം നടത്തിയ സാബു ജേക്കബ്, സ്വന്തം വ്യാജസാമ്രാജ്യം കെട്ടിപ്പടുത്ത മോൻസൺ മാവുങ്കൽ, രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി താരം പി ആർ ശ്രീജേഷ് എന്നിവരിൽ നിന്നും ന്യൂസ് മേക്കർ ആയി ശ്രീജിത്ത് തിരഞ്ഞെടുക്കുന്നത് മോൻസൺ മാവുങ്കലിനെ ആണ്.
രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ്വന്തം വരുതിയിൽ നിർത്തി തുള്ളിച്ചയാളാണ് മോൻസൻ എന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു. സിനിമാക്കാരെയും സെലിബ്രിറ്റികളെയും തന്റെ അടുത്ത് വരിയായി നിർത്തിച്ചയാൾ. ശൂന്യതയിൽ നിന്ന് ഉണ്ടാക്കിയ മായാപ്രപഞ്ചത്തിൽ രാജാവായി സ്വയം അവരോധിച്ചു എന്നതുമാത്രമല്ല, സമൂഹത്തിന്റെ മുൻനിരയിൽ നിൽക്കുന്നവരെപ്പോലും അത് അംഗീകരിപ്പിച്ചു എന്നതിലും കൂടിയാണ് മോൻസന്റെ മികവ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ആരാണ് ഈ വർഷത്തെ നിങ്ങളുടെ ന്യൂസ്മേക്കർ?
വർഷാവസാനം പല മാധ്യമങ്ങളും ആ വർഷത്തെ ന്യൂസ്മേക്കറെ തിരഞ്ഞെടുക്കാറുണ്ട്. കൂടുതലും പോസിറ്റീവായ കാര്യങ്ങളാൽ വാർത്തയിൽ നിറഞ്ഞവരെയാണ് അങ്ങനെ തിരഞ്ഞെടുക്കാറ്. അവാർഡ് കൊടുക്കുന്നത് കൊണ്ടാവും അങ്ങനെ ചെയ്യുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം, വാർത്തകളിൽ ഇടംപിടിച്ചവരിൽ, സ്വന്തം നിലയിൽ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയതാരോ അയാളാണ് ആ വർഷത്തെ ന്യൂസ് മേക്കർ—ആ സ്വാധീനം നല്ലതായാലും മോശമായാലും.എന്റെ ലിസ്റ്റിൽ അഞ്ച് പേരുകളാണുള്ളത്—കുഞ്ഞിനുവേണ്ടി പോരാടി വിജയിച്ച അനുപമ ചന്ദ്രൻ, തുടർഭരണം നേടിയ പിണറായി വിജയൻ, സർക്കാരിനെ വെല്ലുവിളിച്ച് പുറത്തുപോയി നിക്ഷേപം നടത്തിയ സാബു ജേക്കബ്, സ്വന്തം വ്യാജസാമ്രാജ്യം കെട്ടിപ്പടുത്ത മോൻസൺ മാവുങ്കൽ, രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി താരം പി ആർ ശ്രീജേഷ് എന്നിവർ. ഇതിൽ തന്നെ പിണറായി വിജയനും ശ്രീജേഷും ഒറ്റയ്ക്ക് ആയിരുന്നില്ല. ഏകനേതാവ് എന്ന നിലയിൽ പിണറായിയും, നിർണ്ണായക ഷോട്ട് തടുത്തയാൾ എന്ന നിലയിൽ ശ്രീജേഷും സുപ്രധാന ശക്തികൾ ആയിരുന്നെങ്കിലും ഒരാൾക്ക് ശക്തമായ പാർട്ടി സംവിധാനവും മറ്റെയാൾക്ക് ഉജ്വലപ്രകടനം കാഴ്ച്ചവച്ച ടീമംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ‘സ്വന്തം നിലയിൽ’ എന്ന നിർവചനത്തിൽ അവരുടെ നേട്ടത്തെ ഒതുക്കാൻ സാധിക്കില്ല.
Also Read:രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു: അതീവ ജാഗ്രതാ നിർദേശം
അവശേഷിക്കുന്ന മൂന്നുപേരിൽ സാബു ജേക്കബ് എടുത്ത തീരുമാനം വ്യവസായി എന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന ലളിതമായിരുന്നു. ശക്തമായ ഒരു ടീം, വ്യവസായി എന്ന നിലയിലെ സ്വീകാര്യത എന്നിവയൊക്കെ സംസ്ഥാനത്തിനു പുറത്തുള്ള അദ്ദേഹത്തിന്റെ നിക്ഷേപത്തിന് ഗുണകരമായി.
അനുപമ ചന്ദ്രന്റെ പോരാട്ടം നമ്മുടെ നാട്ടിൽ സമാനതകൾ ഇല്ലാത്തതായിരുന്നു. അവർ നേരിട്ടത് കുടുംബത്തെയും ശക്തമായ പാർട്ടി സംവിധാനത്തെയും സർക്കാരിനെയും ശിശുസംരക്ഷണ സമിതിയെയും ആയിരുന്നു. അതിശക്തമായ ആരോപണങ്ങൾ ഉണ്ടായപ്പോഴും അവർ തളർന്നില്ല. അവർക്കുണ്ടായ ഏറ്റവും വലിയ ഗുണം അവർക്കുവേണ്ടി നിലപാടെടുത്ത ശക്തമായ മാധ്യമസ്ഥാപനങ്ങൾ ഉണ്ടായി എന്നതാണ്. ഏറിയപങ്കും ഒറ്റയാൾ പോരാട്ടം ആയിരുന്നപ്പോഴും അതിന്റെ തീവ്രത ചോരാതെ അവരുടെ പക്ഷം ചേർന്ന് ആ വിഷയം പൊതുജനമധ്യത്തിൽ നിർത്തിയതിൽ മാധ്യമങ്ങൾക്ക് സുപ്രധാനമായും ധാർമ്മികവുമായ ഒരു പങ്കുണ്ടായിരുന്നു.
അവശേഷിക്കുന്നയാൾ മോൻസൺ മാവുങ്കൽ ആണ്. രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ്വന്തം വരുതിയിൽ നിർത്തി തുള്ളിച്ചയാൾ. തട്ടിപ്പുവസ്തുക്കൾ വച്ച് ഊതിപ്പെരുപ്പിച്ച കഥകൾ, യുക്തിയുണ്ടെന്ന് നമ്മൾ കരുതിയവരെപ്പോലും വിശ്വസിപ്പിച്ചയാൾ. ഡോക്ടറായി രാഷ്ട്രീയനേതാക്കളെ ചികിത്സിച്ചയാൾ. സിനിമാക്കാരെയും സെലിബ്രിറ്റികളെയും തന്റെ അടുത്ത് വരിയായി നിർത്തിച്ചയാൾ. ശൂന്യതയിൽ നിന്ന് ഉണ്ടാക്കിയ മായാപ്രപഞ്ചത്തിൽ രാജാവായി സ്വയം അവരോധിച്ചു എന്നതുമാത്രമല്ല, സമൂഹത്തിന്റെ മുൻനിരയിൽ നിൽക്കുന്നവരെപ്പോലും അത് അംഗീകരിപ്പിച്ചു എന്നതിലും കൂടിയാണ് മോൻസന്റെ മികവ്. ഡിജിപി വക സംരക്ഷണം ചുളുവിൽ നേടിയെടുക്കാൻ കഴിയുമോ സക്കീർ ഭായിക്ക്? ബട്ട് മോൻസൺ കുഡ്!
പിണറായിയും സാബുവും ശ്രീജേഷും നേരത്തെതന്നെ സ്വന്തം നിലയിൽ അറിയപ്പെടുന്നവരാണ്. ഈ വർഷം മാത്രം അറിയപ്പെട്ടവരാണ് അനുപമയും മോൻസണും. ദീർഘനാളത്തെ രാഷ്ട്രീയ പരിചയവും ശക്തമായ പ്രസ്ഥാനമുണ്ടെങ്കിൽ നിങ്ങൾക്ക് നേതാവാകാം. ദീർഘനാളത്തെ ബിസിനസ് പരിചയവും പണമുണ്ടെങ്കിൽ നിങ്ങൾക്ക് വ്യവസായ സംബന്ധിയായ തീരുമാനങ്ങൾ എടുക്കാം. ദീർഘനാളത്തെ മത്സരപരിചയവും സുശക്തമായ ടീമും ഒപ്പമുണ്ടെങ്കിൽ നിങ്ങൾക്ക് കായികരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാം. മാതൃത്വത്തിന്റെ ശക്തികൊണ്ടു മാത്രം ഇടനിലക്കാരനായ പൂതത്തിൽ നിന്ന് നിങ്ങൾക്ക് കുട്ടിയെ നേടിയെടുക്കാം. എന്നാൽ ഒരു അഡ്രസ്സും ഇല്ലാത്തൊരാൾക്ക് ഒരു തട്ടിപ്പ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും അത് മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും അവരെ സന്ദർശകരും ആരാധകരും ആക്കുകയും ചെയ്യുന്നത് അത്ര എളുപ്പമല്ല. വാർത്ത പുറത്തുവന്നപ്പോൾ അനുകൂലിക്കാൻ മാധ്യമങ്ങളും ഉണ്ടായില്ല. ന്യായീകരിക്കാൻ പ്രതിനിധികളും ഉണ്ടായില്ല. നേടിയത് കുപ്രസിദ്ധിയാണ്. എങ്കിലും ഈ വർഷം കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത, വാർത്തയിൽ നിറഞ്ഞ വ്യക്തി മോൻസൺ മാവുങ്കൽ തന്നെ. പിണറായിയും സാബുവും ശ്രീജേഷും അനുപമയും തങ്ങളുടെ ബോധ്യങ്ങളെക്കുറിച്ച് പറയുന്നതും നമ്മൾ കണ്ടു. ആ വിഷയത്തിലും മോൻസൺ വ്യത്യസ്തനാണ്. കുപ്രസിദ്ധിക്കുശേഷം അയാൾ അയാളെക്കുറിച്ച് പറയുന്നത് നമ്മൾ കേട്ടിട്ടില്ല.
മോൻസന്റെ ഏറ്റവും വലിയ സംഭാവന, ബുദ്ധിയുള്ളവരെന്ന് നമ്മൾ കരുതിയ പലരും ആനമണ്ടന്മാർ ആണെന്ന് നിസ്സാരമായി നമുക്കുമുന്നിൽ തെളിയിച്ചു തന്നു എന്നതാണ്. അതൊരു ചെറിയ കാര്യമല്ല. ആ ഒറ്റക്കാരണത്താൽ ഈ വർഷത്തെ എന്റെ ന്യൂസ്മേക്കർ നാരദന്റെ വീണയുടെ ‘അവകാശി’യായ ‘ഡോക്ടർ’ മോൻസൺ മാവുങ്കൽ തന്നെ! [കഴിഞ്ഞവർഷത്തെ പലരുടെയും ന്യൂസ്മേക്കർ മന്ത്രി കെ കെ ഷൈലജ ആയിരുന്നു. എനിക്ക് അത് മറ്റൊരാൾ ആയിരുന്നു. 28 വർഷം നീണ്ടുനിന്ന, കേരളത്തെ പ്രകമ്പനം കൊള്ളിച്ച ഒരു കേസിൽ, പണത്തിനും പ്രലോഭനത്തിനും വഴങ്ങാതെ, നീതി ലഭ്യമാക്കിയ, തീരെ പ്രശസ്തൻ അല്ലാത്ത, ഒരു കുറിയ മനുഷ്യൻ ആയിരുന്നു, ഒരു മുൻ അടയ്ക്കാ മോഷ്ടാവ് ആയിരുന്നു—അഭയാ കേസിലെ നിർണ്ണായക സാക്ഷി രാജു.]
Post Your Comments