ആലപ്പുഴ: മകനെ തന്റെ കൺമുന്നിലിട്ട് എസ്ഡിപിഐ ഭീകരർ വെട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് രഞ്ജിത്തിന്റെ അമ്മ വിനോദിനി. വിനോദിനിയുടെ ഇളയ മകൻ അഭിജിത്തും കൊലപാതകമുണ്ടായ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹം ശബരിമലയിൽ പോയ ശേഷം തിരികെ ഇവിടേക്കായിരുന്നു വന്നത്. മുകൾനിലയിൽ ഉറക്കത്തിലായിരുന്ന മകനെ ഈ സമയം വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ കേട്ടില്ല. രാവിലെ മൂത്ത മകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോകുന്നതിന് വേണ്ടിയാണ് വാതിൽ തുറന്നത്.
പിന്നീട് ഇത് അടച്ചിടാതെ ചാരിയിടുകയായിരുന്നു. ഈ വാതിൽ തള്ളിത്തുറന്നാണ് അക്രമി സംഘം അകത്തേക്ക് കയറിയത് എന്ന് അമ്മ പറയുന്നു. ആരോഗ്യവകുപ്പിലെ മുൻ സൂപ്രണ്ട് കൂടിയായ അമ്മയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല ‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല. പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊല ചെയ്തത്’ എന്നാണ് ആ അമ്മ ചോദിക്കുന്നത്.
‘രാവിലെ അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം താൻ വീടിന് മുകളിലേക്ക് പോകുമ്പോഴാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേക്ക് കയറുന്ന ശബ്ദം ശ്രദ്ധിച്ചത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയായിരുന്നു അവരുടെ കയ്യിൽ. വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നവർ ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചു തകർത്തു. ആ ശബ്ദം കേട്ടാണ് രഞ്ജിത്ത് കിടപ്പ് മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്.ഉടനെ അവനെ പിടിച്ച് തലയിൽ ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്തു നഗ്നനാക്കിയ ശേഷം തലങ്ങും വിലങ്ങും വെട്ടി വീഴ്‌ത്തുകയായിരുന്നു.
നിലവിളിച്ച് കൊണ്ട് ഓടിയെത്തിയ എന്നെ തള്ളി താഴെ ഇട്ടു. രഞ്ജിത്തിന്റെ ഭാര്യ ലിഷയും അടുക്കളയിൽ നിന്നും ഓടിയെത്തി. അവളേയും തള്ളി താഴെയിട്ടു. ഇളയമകൾ ഹൃദ്യ അച്ഛാ എന്ന് വിളിച്ച് മുന്നോട്ട് വന്നപ്പോഴേക്കും അവളുടെ നേരെയും വടിവാളെടുത്ത് വീശി. കുഞ്ഞ് ഇത് കണ്ട് പേടിച്ച് മുറിയിലേക്ക് മാറി. താഴെ വീണ എന്റെ മുഖത്ത് കസേര കൊണ്ട് അമർത്തിപ്പിടിച്ച് കത്തിയെടുത്ത് കഴുത്തിന് നേരെ വച്ചു. കൊന്നു കളയുമെന്നും അവർ ഭീഷണിപ്പെടുത്തി. തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും എന്റെ മകനെ അവർ തലങ്ങും വിലങ്ങും വെട്ടിവീഴ്‌ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റാണ് എന്റെ കുഞ്ഞ്…’ വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ആ അമ്മ തളർന്നു കിടക്കുകയാണ്.
അതേസമയം പോപ്പുലർഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയോടെ തൃക്കുന്നപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിൽ ആകും സംസ്‌കാര ചടങ്ങുകൾ നടത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായ് രഞ്ജിത്തിന് അന്തിമോപചാരം അർപ്പിക്കും. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments