തിരുവനന്തപുരം: 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമം മരിച്ചത് 9 പേർ. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടുപേരുമാണ് ആത്മഹത്യ ചെയ്തത്. കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട ബാധ്യത മൂലം ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം ബ്രഹ്മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കുടിച്ചാണ് ജീവിതം അവസാനിപ്പിച്ചത്. ഗൃഹനാഥനും ഭാര്യയും മൂത്തമകളുമാണ് മരിച്ചത്. ഇളയ മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവതി മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊട്ടാരക്കരയിലെ കൂട്ടക്കൊലപാതകങ്ങള്‍, നിലവിളി കേള്‍ക്കാത്തതില്‍ ദുരൂഹത
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു. നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കിയത്. കാലായിൽ സുകുമാരൻ (52), ഭാര്യ സീന, മൂത്ത മകൾ സൂര്യ എന്നിവരാണ് മരിച്ചത്. ഇളയ മകൾ സുവർണ്ണ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാലു പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ലഭ്യമായ വിവരം.
ഭർത്താവ് മരിച്ചതിന്‍റെ വിഷമത്തിലാണ് ചെങ്ങന്നൂരിൽ മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയത്. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകൾ കൽക്കിയുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments