KeralaLatest News

മിഷൻ 2025: ബിജെപിയുടെ പ്രവർത്തന രീതിയിൽ അടിമുടി മാറ്റവുമായി രാജീവ് ചന്ദ്രശേഖർ

കോട്ടയം: കേരളത്തിൽ പ്രവർത്തന രീതിയിൽ അടിമുടി മാറ്റം വരുത്തി ബിജെപി. താഴെ തട്ടുമുതൽ കൃത്യമായ മാർ​ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ടാർജറ്റ് നൽകിയുള്ള പ്രവർത്തന രീതിയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപ്പാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുകയുമാണ് ബിജെപി പുതിയ പ്രവർത്തന രീതിയിലൂടെ ലക്ഷ്യമിടുന്നത്. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ അടിമുടി മാറ്റമാണ് രാജീവ് ചന്ദ്രശേഖർ നിർദ്ദേശിക്കുന്നത്.

ജില്ലാ തലത്തിൽ വികസിത കേരളം കൺവെൻഷനുകൾ വിളിച്ചു ചേർത്താണ് രാജീവ് ചന്ദ്രശേഖർ തന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുന്നത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പതിനായിരം വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖർ പാർട്ടി പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പദ്ധതി. ഇതിനായി വിശ​ദമായ പ്രവർത്തന പദ്ധതിയും അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.

വികസിത കേരളം കൺവെൻഷനുകളിൽ രാജീവ് ചന്ദ്രശേഖർ നേരിട്ട് പങ്കെടുത്താണ് പതിനായിരം വാർഡുകളിൽ പാർട്ടിയെ വിജയിപ്പിക്കാനുള്ള തന്ത്രം എങ്ങനെയെന്ന് വിശദീകരിക്കുന്നത്. പവർ പോയിന്റ് പ്രസന്റേഷനും ലഘു വീഡിയോകളുമൊക്കെ ഉൾപ്പെടുത്തിയാണ് അവതരണം. എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിനു പകരം വികസനത്തിന്റെ പോസിറ്റീവ് രാഷ്ട്രീയം പറയണമെന്നാണ് കീഴ്ഘടകങ്ങളോട് പറഞ്ഞിരിക്കുന്നത്. 21,865 തദ്ദേശ വാർഡുകളിൽ കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

തിങ്കളാഴ്ച തൃശ്ശൂരിൽ നടന്ന ആദ്യയോഗത്തിൽ എം.ടി. രമേശ്, എസ്. സുരേഷ് എന്നിവരാണ് 150 ദിവസത്തെ പ്രവർത്തനപദ്ധതികൾ വിശദീകരിച്ചത്. പഞ്ചായത്ത് ഭാരവാഹികൾമുതൽ മുകളിലേക്കുള്ളവർ പങ്കെടുക്കുന്ന യോഗങ്ങളിലെ ഉച്ചഭാഷിണിശബ്ദം ഹാളിനുപുറത്ത് കേൾക്കരുതെന്നു പറഞ്ഞിരുന്നു. വോട്ടർ പട്ടിക പരിശോധന, ബിഎൽഎ മാരെ തീരുമാനിക്കൽ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ, വികസിത വാർഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെ തീയതി നിശ്ചയിച്ചാണ് ടാർഗറ്റ് അവതരിപ്പിച്ചത്. മോദി സർക്കാരിന്റെ ക്ഷേമ വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ ജൂലായിൽ വാർഡുതലത്തിൽ സർവേ നടത്തും. ഇതിനാവശ്യമായ ചോദ്യാവലി ഉൾപ്പെടുത്തി മൊബൈൽ ആപ്പ്, സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നൽകും.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ നടത്തിയ മാതൃകയിലാണ് 150 ദിവസ പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രവർത്തനവും നിശ്ചയിച്ച സമയത്തുതന്നെ നടത്തിയെന്ന റിപ്പോർട്ട്, ജില്ലാ കമ്മിറ്റികൾ സംസ്ഥാന പ്രസിഡന്റിന് നൽകണം. വാർഡുതലത്തിൽ ഇൻ ചാർജ്, ഡെപ്യൂട്ടി ഇൻ ചാർജ്, മൂന്ന് വികസിത കേരളം വൊളന്റിയർമാർ എന്നിവരെ നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയും ഒരാൾ പട്ടികജാതി വിഭാഗക്കാരനുമായിരിക്കണം. കേരളത്തിലെ പാർട്ടി അധ്യക്ഷനായി നിയോഗിക്കുംമുൻപ്‌ രാജീവ് ചന്ദ്രശേഖറിന് ’മിഷൻ 2026’ എന്ന പേരിൽ കേന്ദ്രനേതൃത്വം ടാർജറ്റ് നൽകിയിരുന്നു. ഇതിനെ മിഷൻ 2025 എന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി രാജീവ് താഴേക്ക് നൽകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button