
പെരുമ്പാവൂർ : മുപ്പത് ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് ജൂറിയ സ്വദേശി അബ്ദുൽ റൗഫ് (35)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, കുന്നത്തുനാട് പോലീസും ചേർന്ന് പിടികൂടിയത്.
ചേലക്കുളം ഭാഗത്ത് വാടക വീട് എടുത്ത് ഹെറോയിൻ വില്പന നടത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് കുറച്ചുനാളുകളായി ഇയാൾ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. നാഗാലാൻഡിൽ നിന്നാണ് ഹെറോയിൻ എത്തിക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നാഗാലാൻഡിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിലാക്കി ഏജന്റുകൾ മുഖാന്തിരം വിൽപ്പന നടത്തിവരികയായിരുന്നു.
ഹെറോയിൻ വില്പന നടത്തിയ 84,000 രൂപയും പോലീസ് കണ്ടെടുത്തു. ആർഭാട ജീവിതമാണ് പ്രതി നയിച്ചിരുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനുള്ള നൂറ് കണക്കിന് ബോട്ടിലുകളും ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഒരു ബോട്ടിലിന് 500 രൂപ നിരക്കിലാണ് ഇയാൾ ഇടനിലക്കാർക്ക് വില്പന നടത്തിവന്നിരുന്നത്.
പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, എസ്ഐമാരായ കെ.കെ ഷബാബ്, രമേശൻ, അബ്ദുൽ ജബ്ബാർ, പോൾ പി മാത്യ, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി.പി.ഒമാരായ വർഗീസ് ടി വേണാട്ട്, അബ്ദുൽ സലാം, ടി.എ അഫ്സൽ, ബെന്നി ഐസക്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments