
മലപ്പുറം : താനൂരില്‍ നിന്ന് നാടുവിട്ടു പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി. പോലീസ് സംഘത്തോടെപ്പം 12 മണിയ്ക്ക് ഗരിബ് എക്സ്പ്രസിലാണ് കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കുട്ടികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും.
അതേസമയം കുട്ടികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹിം അസ്ലം പോലീസ് കസ്റ്റഡിയിലാണുള്ളത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റഹിമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.
മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത്.
Post Your Comments