
ആലുവ :എറണാകുളം ആലുവയിൽ വൻ ലഹരി വേട്ട. ഓപ്പറേഷൻ ക്ലീനിൻ്റെ ഭാഗമായി ആലുവയിൽ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറ് പേർ ആലുവ പോലീസിൻ്റെ പിടിയിലായി. കഴിഞ്ഞ രാത്രി പമ്പ് ജംഗ്ഷനിൽ നിന്നും ഒഡീഷ കണ്ട മാൽ സ്വദേശി മമത ദിഗിൽ (28)നെയാണ് 4 കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്.
പുലർച്ചെ നടന്ന പരിശോധനയിൽ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29) ,കുൽദർ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാർ ( 32), രാംബാബു സൂന (32) എന്നിവർ പിടിയിലായത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച് ഇവിടെ കിലോഗ്രാമിന് 25000 രൂപ നിരക്കിൽ വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്.
കഞ്ചാവ് കച്ചവടം ചെയ്ത ശേഷം ഇവർ അടുത്ത ട്രെയിനിൽ തിരിച്ചു പോകും. ഡാൻസാഫുമായി ചേർന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. പോലീസ് സംശയിക്കാതിരിക്കാൻ കുടുംബമായാണ് ഇവർ വന്നത്. ശിവ ഗൗഢയാണ് ഇവരുടെ തലവൻ. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷം രൂപ വില വരും.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽഡി വൈ എസ് പി ടി.ആർ. രാജേഷ്, സി ഐ മാരായ സോണി മത്തായി, സുനിൽ, എസ് ഐ മാരായ കെ.നന്ദകുമാർ, എസ്.എസ്.ശ്രീലാൽ, ചിത്തുജി, സിജോ ജോർജ്, എ എസ് ഐ മാരായ പി.എ.നൗഷാദ്, സാജിത , സിന്ധു, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, കെ.എം.മനോജ് , മുഹമ്മദ് അമീർ, വി.എ.അഫ്സൽ സിറാജുദ്ദീൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Post Your Comments