
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ – എഫ്ബിഐ-യുടെ പുതിയ ഡയറക്ടറായി ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍ ചുമതലയേറ്റു. ഭഗവത് ഗീതയില്‍ കൈവച്ചാണ് കാഷ് പട്ടേല്‍ സത്യ പ്രതിജ്ഞ ചെയ്തത്. വാഷിങ്ടണില്‍ വെച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സഹോദരി, ജീവിത പങ്കാളി എന്നിവര്‍ക്കൊപ്പമാണ് കാഷ് പട്ടേല്‍ ചടങ്ങിനെത്തിയത്.
ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് കാഷ് പട്ടേല്‍ നന്ദി പറഞ്ഞു. എഫ്ബിഐ ഏജന്റുമാര്‍ക്കിടയില്‍ പട്ടേലിന് ഉണ്ടായിരുന്ന പിന്തുണ ചൂണ്ടിക്കാട്ടി ട്രംപ് പട്ടേലിന്റെ നിയമനത്തെ പ്രശംസിച്ചു. ‘കാഷിനെ ഞാന്‍ സ്‌നേഹിക്കുന്നതിനും അദ്ദേഹത്തെ നിയമിക്കാന്‍ ആഗ്രഹിക്കുന്നതിനുമുള്ള ഒരു കാരണം ഏജന്റുമാര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനമാണ്’ ട്രംപ് പറഞ്ഞു.
ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. 1980ല്‍ ന്യൂയോര്‍ക്കിലാണ് കാഷിന്റെ ജനനം. ഗുജറാത്തിലാണ് കുടുംബവേരുകള്‍. റിച്ച്മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ നേടയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments