![](/wp-content/uploads/2025/02/suj-2-4.webp)
ഡൽഹി നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകളിൽ ബിജെപിയും എഎപിയും ഒപ്പത്തിനൊപ്പമാണ്. 70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകൾ നേടുന്നവർ സർക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ വിജയിച്ചാണ് എഎപി ഭരണമുറപ്പിച്ചത്.
ആദ്യ ഫലസൂചനകൾ അനുസരിച്ച് ബിജെപിയാണ് മുന്നിൽ. ഡൽഹി മുഖ്യമന്ത്രി അതിഷിയും മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി അധികാരം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.
27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.
Post Your Comments