തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വീഡിയോ കണ്ടെന്നും, ആവശ്യം പരിഗണിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വിവിധ തരം ഭക്ഷണ പദാര്‍ഥങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ടെന്നും കുഞ്ഞിന്റെ ആവശ്യം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് അങ്കണവാടികളില്‍ കുട്ടികള്‍ക്കു വേണ്ടപലതരം പോഷകാഹാരങ്ങള്‍ നല്‍കുന്നുണ്ട്. ഇനിയും പരിഷ്‌കാരങ്ങള്‍ ഭക്ഷണ മെനുവില്‍ കൊണ്ടു വരാനും തയ്യാറാണ്.
ആ കുഞ്ഞ് വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യമാണ്, അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ ശങ്കുവെന്ന കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മിനുറ്റുകള്‍ക്കുള്ളില്‍ നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്തത്.
Post Your Comments