കൊച്ചി : ആശുപത്രി വാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റ് ആയി ചികിത്സ തേടി എന്നു പറഞ്ഞു ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 44,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം അമ്പനാട് സ്വദേശി ബിനു വർഗീസും ജെമി ബിനുവും സമർപ്പിച്ച പരാതിയിലാണു കോടതിയുടെ ഉത്തരവ്.
2017 ഓഗസ്റ്റിലാണ് പരാതിക്കാർ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഫാമിലി ഒപ്ടിമ പോളിസി എടുത്തത്. ഈ പോളിസി പുതുക്കി തുടരൂന്നതിനിടയിൽ 2023 മേയിൽ പരാതിക്കാരിക്ക് കടുത്ത പനിയും ചുമയും വയറുവേദനയും അനുഭവപ്പെടുകയും അഡ്മിറ്റ് ആകുകയും ചെയ്തു. ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം റീ ഇമ്പേഴ്സമെന്റ്നായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖമാണെന്ന് ചൂണ്ടിക്കാണിച്ച് ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചത്.
കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായ പോളിസി ഉടമ പരിഹാരത്തിനായി എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇൻഷുറൻസ് പോളിസി ഇൻഷുർ ചെയ്ത വ്യക്തി ഉൾപ്പെടെയുള്ളവരുടെ ന്യായമായ പ്രതീക്ഷകൾക്കു ഫലം നൽകുന്നന്നതിനു വേണ്ടിയാകണമെന്നും, നിബന്ധനകളിൽ അവ്യക്തതയുണ്ടെങ്കിൽ അത് ഇൻഷുറൻസ് ചെയ്ത വ്യക്തിക്ക് അനുകൂലമായി പരിഗണിക്കണം എന്നുമുള്ള സുപ്രീംകോടതി ഉത്തരവും ഡി ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് പരിഗണിച്ചു.
പോളിസി നിബന്ധനകൾ ഇടുങ്ങിയ രീതിയിൽ പരിഗണിക്കാതെ വിശാല അർത്ഥത്തിൽ ഉപഭോക്താവിന്റെ ആവലാതിയെ പരിഗണിക്കുന്ന തരത്തിൽ വായിക്കണമെന്നും നഷ്ടപരിഹാരമായി 44,000/- രൂപ 45 ദിവസത്തിനകം നൽകണമെന്നും എതിർകക്ഷികൾക്ക് കോടതി ഉത്തരവ് നൽകി. പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് അമ്പിളി ജോഷി കോടതിയിൽ ഹാജരായി.
Post Your Comments