Latest NewsKerala

പെരിയ ഇരട്ടകൊലക്കേസ് : കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം

കൊച്ചി : പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവര്‍ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ഇവര്‍ക്ക് അഞ്ച് വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം.

കേസിലെ ഒന്നാം പ്രതി എ പീതാംബരനാണ്. പീതാംബരനുള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്.

ആറു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കു ശേഷമാണ് വിധി. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button