KeralaLatest News

പെരിയ ഇരട്ടക്കൊലപാതക കേസിൻ്റെ വിധി ഈ മാസം 28ന് : വിധി പ്രഖ്യാപിക്കുക സിബിഐ കോടതി

മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സിബിഐയുമാണ് അറസ്റ്റു ചെയ്തത്

കാഞ്ഞങ്ങാട് : കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതി ഈ മാസം 28ന് വിധി പറയും. മുന്‍ എംഎലഎയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠൻ, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സിബിഐയുമാണ് അറസ്റ്റു ചെയ്തത്.  2019 ഫെബ്രുവരി 17നാണ് ഇരട്ടക്കൊലപാതകം നടന്നത്. ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണിത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിൻ്റെ കുറ്റ പത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രികോടതിയെ സമീപിച്ചു. അവിടെയും ഇരകള്‍ക്ക് അനുകൂല വിധിയുണ്ടായതോടെ അന്വേഷണത്തിന് സിബിഐ എത്തുകയായിരുന്നു.

ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ. മണികണ്ഠന്‍, എന്‍. ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button