തിരുവനന്തപുരം: അഭിമന്യു സ്മാരകമന്ദിരം വാടകയ്ക്കു നൽകിയതിൽ സിപിഎമ്മിൽ അമർഷം പുകയുന്നു. കലൂർ-കതൃക്കടവ് റോഡിലെ ആറരസെന്റിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ വാടകയ്ക്ക് നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒരുനില അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് വാടകക്ക് നൽകിയിരിക്കുന്നത്. സാധാരണ ജനങ്ങളിൽ നിന്നുൾപ്പെടെ പണം പിരിച്ചാണ് എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി ബഹുനില കെട്ടിടം നിർമ്മിച്ചത്.
ഗ്രന്ഥശാല മുതൽ കൊച്ചിയിലെത്തുന്ന പിന്നാക്കവിഭാഗം വിദ്യാർഥികൾക്ക് സൗജന്യതാമസ സൗകര്യം മുതൽ വിവിധ ലക്ഷ്യങ്ങളാണ് കെട്ടിടം നിർമ്മിക്കുമ്പോൾ പാർട്ടി പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ കെട്ടിടത്തിന്റെ ഒരുനില അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് വാടകയ്ക്ക് നൽകി. മറ്റൊരുനിലയാകട്ടെ പാർട്ടിയുടെ സോഷ്യൽമീഡിയ വിഭാഗത്തിനായും കയ്യടക്കി. ഇതോടെയാണ് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുയരുന്നത്.
സി.പി.എം. ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ പാർട്ടിയിൽ അമർഷം പുകയുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടൽ തേടിയിരിക്കയാണ് ഒരു വിഭാഗം. സ്മാരകത്തിന്റെ ലക്ഷ്യം പാളിയതിൽ പാർട്ടിയിലുള്ള ചർച്ചയും ചോദ്യങ്ങളുമൊക്കെ ജില്ലാനേതൃത്വം അവഗണിച്ചെന്നാണ് പരാതി.
ബ്രാഞ്ചുതലംമുതൽ ജനങ്ങളിൽനിന്ന് പണംപിരിച്ച് സി.പി.എം. നിർമിച്ചതാണ് അഭിമന്യുസ്മാരകമന്ദിരം. ധനസമാഹരണവും സ്മാരകത്തിന്റെ നിർമാണവും ജില്ലാകമ്മിറ്റിയുടെ പൂർണനിയന്ത്രണത്തിലായിരുന്നു. 2020 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്മാരകം ഉദ്ഘാടനംചെയ്തത്. അഭിമന്യുവിന്റെ മാതാപിതാക്കൾ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ‘അഭിമന്യു പഠനകേന്ദ്ര’ത്തിന്റെ ഉദ്ഘാടനവും നടന്നു.
പഠനം, തൊഴിൽ പരിശീലനം, ഗ്രന്ഥശാല, പി.എസ്.സി. ഉൾപ്പെടെയുള്ള പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് എന്നിങ്ങനെ വിദ്യാർഥികളുടെ സൗകര്യത്തിനായി സ്മാരകമന്ദിരം വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടത്. വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തുന്ന പിന്നാക്കവിഭാഗം വിദ്യാർഥികൾക്ക് സൗജന്യതാമസം ഒരുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതൊന്നും നടപ്പായില്ല. മന്ദിരം ആദ്യം ജൈവപച്ചക്കറി സ്റ്റാളിന് നൽകുകയും ചെയ്തിരുന്നു.
കലൂർ-കതൃക്കടവ് റോഡിൽ ആറരസെന്റ് സ്ഥലം വാങ്ങിയാണ് സ്മാരകം നിർമ്മിച്ചത്. 27 ലക്ഷം രൂപയാണ് ഭൂമി വാങ്ങാൻ മാത്രം ചിലവായത്. നഗരത്തിലെ കണ്ണായ സ്ഥലമായതിനാൽ സെന്റിന് 27 ലക്ഷം നൽകി വാങ്ങിയെന്നാണ് വിശദീകരണം. ഭൂമിയുടെ വിലയിലും ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു.
Post Your Comments