
തിരുവനന്തപുരം: പോത്തന്‍കോട് ഭിന്നശേഷിക്കാരിയായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. രാവിലെ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത പോത്തന്‍കോട് സ്വദേശി തൗഫീഖിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.
മംഗലപുരം കൊയിത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍വശത്ത് മണികഠന്‍ഭവനില്‍ താമസിക്കുന്ന തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമണി തനിച്ചാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവരുടെ വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തിലാണ് തങ്കമണി മരിച്ചു കിടന്നത്. ഇവര്‍ ധരിച്ചിരുന്ന വസ്ത്രം കീറിയ നിലയിലായിരുന്നു. ധരിച്ചിരുന്ന ലുങ്കികൊണ്ടാണ് മൃതദേഹം മൂടിയിരുന്നത്. കാതിലുണ്ടായിരുന്ന കമ്മലും കാണാതായിരുന്നു.
മൃതദേഹത്തിന് സമീപത്തായി പൂക്കളും ചെരുപ്പും കിടപ്പുണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ തൗഫീഖിനെ സംശയാസ്പദമായ രീതിയില്‍ കണ്ടിരുന്നു. തുണിയുടുക്കാതെ ഇയാള്‍ പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. മോഷണമാണ് കൊലപാതകത്തിന്റെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു. തൗഫീഖ് നേരത്തെ പോക്‌സോ കേസിലും പ്രതിയായിരുന്നു.
Post Your Comments