തിരുവനന്തപുരം: ഭർതൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം. പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജ (25)യുടെ മരണത്തിലാണ് ബന്ധുക്കൾ ഗുരൂഹത ആരോപിക്കുന്നത്. ഇന്ദുജ ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനത്തിന് ഇരയായെന്നും നിരന്തരം ഭീഷണി നേരിട്ടിരുന്നെന്നുമാണ് ആരോപണം. ഇക്കാര്യങ്ങൾ മകൾ തങ്ങളെ വിളിച്ച് അറിയിച്ചിരുന്നെന്നും മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
തങ്ങളെ മകളുടെ വീട്ടിലേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നും കുടുംബത്തിന്റെ പരാതിയിൽ ആരോപിക്കുന്നു. ഇന്ദുജയുടെ മരണത്തിൽ ഭർത്താവ് അഭിജിത്തിനെതിരെ ഗുരുതര ആരോപണമാണ് യുവതിയുടെ കുടുംബം ഉയർത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇന്ദുജയും അഭിജിത്തും വിവാഹം കഴിച്ചത്. അഭിജിത്ത് യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരൻ ആണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇന്ദുജയെ ഭർത്താവ് അഭിജിത്തിൻറെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വീടിന്റെ രണ്ടാമത്തെ നിലയിലുള്ള ബഡ്റൂമിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു യുവതി. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ദുജ തൻറെ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. അഭിജിത്തിൻറെ വീട്ടിൽ മാനസിക പീഡനം നേരിട്ടതായി മകൾ പറഞ്ഞെന്നുമാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ പിതാവ് പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments