കൊച്ചി : നടൻ ദിലീപിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ ഹാജരാക്കി. സന്നിധാനത്തെത്തിയ ദിലീപിന്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാൻ കഴിഞ്ഞദിവസം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ശബരിമലയിൽ വിഐപി ദർശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിൽ നടൻ ദിലീപിന് വിഐപി പരിഗണനയിൽ ദർശനം അനുവദിച്ചതിനാലാണ് കോടതി വീണ്ടും കർശന നിർദേശം നൽകിയത്.
ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് ദര്‍ശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഭക്തരെ തടയുകയും ചെയ്തിരുന്നു. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്.
Post Your Comments