പാലക്കാട്: ആവേശവും ഉദ്വേഗവും നിറഞ്ഞ പാലക്കാടൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. നേതാക്കളുടെ പാർട്ടി മാറ്റവും കള്ളപ്പണ വിവാദവും വ്യാജവോട്ട് ആരോപണവും നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണം അന്ത്യത്തോട് അടുക്കുമ്പോൾ ഇനിയെന്തൊക്കെ അപ്രതീക്ഷിത വഴിത്തിരിവുകളുണ്ടാകുമെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ദേശീയ, സംസ്ഥാന നേതാക്കളും യുവജന, വിദ്യാർഥി സംഘടനാ നേതാക്കളുമെല്ലാം ദിവസങ്ങളോളം പാലക്കാട് ക്യാംപ് ചെയ്തു പ്രചാരണത്തിനു നേതൃത്വം നൽകി. പാലക്കാട് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടൽമുറികൾ തിരഞ്ഞെടുപ്പു നടക്കുന്ന 20 വരെ ‘ഫുൾ’ ആണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം 23നു തന്നെ ജനവിധി അറിയാമെന്ന പ്രത്യേകതയുമുണ്ട്.
ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികൾ. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാൽ അവിടത്തെ സ്ഥാനാർഥികളും പ്രചാരണത്തിനു പാലക്കാട്ട് എത്തിയിട്ടുണ്ട്. ആവേശം അതിരു കടക്കാതെ സുരക്ഷ ഒരുക്കാനുള്ള നടപടികൾ പൊലീസും പൂർത്തിയാക്കി. നാളെ നിശ്ശബ്ദമായി അവസാനതന്ത്രങ്ങൾ പയറ്റുന്ന തിരക്കിലാകും സ്ഥാനാർഥികളും നേതാക്കളും.
Leave a Comment