കാക്കിനാട : അവിഹിത ബന്ധത്തിൻ്റെ പേരിൽ ആന്ധ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു. ദീപാവലി ദിനമായ വ്യാഴാഴ്ച രാത്രി 9 മണിയോടെ എതിർ വീട്ടിൽ താമസിക്കുന്ന അയൽവാസികൾ ചേർന്ന് ബി. ചിന്നയ്യ (48), ഇളയ സഹോദരൻ ബി. രാജു (42), മകൻ ബി. രമേഷ് (24) എന്നിവരെ മർദിച്ച് കൊലപ്പെടുത്തിയതായി കാക്കിനട സബ് ഡിവിഷണൽ പോലീസ് ഓഫീസർ രഘുവീർ വിഷ്ണു പറഞ്ഞു.
പി. ബേബി , ഭർത്താവ് പി. നാഗഭൂഷണം, മക്കളായ സുബ്രഹ്മണ്യം, ഡോറ ബാബു, വിനോദ് എന്നിവർ ചേർന്നാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ചിന്നയ്യയും ബേബിയും തമ്മിൽ തുടർന്നിരുന്ന അവിഹിത ബന്ധമാണ് ക്രൂരമായ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.
ഇവർ തമ്മിലുള്ള അവിഹിത ബന്ധം ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് നിരവധി തവണ കാരണമായിട്ടുണ്ട്. നേരത്തെ ഈ വിഷയം സംബന്ധിച്ച് അഞ്ച് വർഷം മുമ്പ് ഇരു കുടുംബങ്ങൾ തമ്മിൽ തർക്ക പരിഹാരമുണ്ടാതാണ്. പരസ്പരം കാണരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ പരസ്പരം തങ്ങൾക്ക് കാണാൻ കഴിയാത്തതിനാൽ ബേബിയെ ഗ്രാമവാസികൾക്ക് മുന്നിൽ ചിന്നയ്യ പരസ്യമായി അധിക്ഷേപിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തു. ഇത് അടുത്തിടെ മറ്റൊരു തർക്കത്തിലേക്കും പരിഹാരത്തിലേക്കും നയിച്ചു. കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ചിന്നയ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ വ്യാഴാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ചിന്നയ്യ ബേബിയെക്കുറിച്ച് വീണ്ടും മോശമായി സംസാരിച്ചതിനെ തുടർന്ന് ബേബിയുടെ വീട്ടുകാർ ഇരുമ്പ് വടികൊണ്ട് ചിന്നയ്യയെ ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന ചിന്നയ്യയുടെ സഹോദരൻ രാജുവിനെയും മകൻ രമേശിനെയും പ്രതികൾ അതി ക്രൂരമായി മർദിച്ചതായും പോലീസ് പറഞ്ഞു.
പിന്നീട് തങ്ങളെ ആക്രമിച്ചുവെന്ന് വരുത്തി തീർക്കാൻ ബേബിയും കുടുംബാംഗങ്ങളും ഇരകളുടെ കൈകളിൽ അരിവാൾ വച്ചുകൊടുക്കുകയും ചെയ്തു. സംഭവത്തിൽ ബേബിയുടെ കുടുംബത്തിലെ അഞ്ച് പേരെ വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
Post Your Comments