Latest NewsKeralaNews

മണ്‍കൂന വഴിത്തിരിവായി: ബലാത്സംഗ ശ്രമത്തിനിടെ 65കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 47കാരന് ശിക്ഷ വിധിച്ച് കോടതി

ഇടുക്കി: കട്ടപ്പന കുന്തളംപാറയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 37 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും. കുന്തളംപാറ വീരഭവനം വീട്ടില്‍ എസ് മണിയെ (47) യെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം വീതം അധിക തടവും അനുഭവിക്കണം.

2020 ജൂണ്‍ രണ്ടിന് അയല്‍വാസിയായ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ (65)യാണ് പ്രതി കൊലപ്പെടുത്തിയത്. ബലാത്സംഗശ്രമം എതിര്‍ത്ത അമ്മിണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു.

Read Also: തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു ,കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും പ്രതിബദ്ധതയില്ല: കെ.ടി ജലീല്‍ എംഎല്‍എ

കാണാതായ അമ്മിണിക്കായി അന്വേഷണം നടക്കവേ ജൂലൈ 14ന് കട്ടപ്പന എസ്‌ഐ ആയിരുന്ന സന്തോഷ് സജീവും സംഘവും അമ്മിണിയുടെ വീടിന് സമീപത്ത് ഒരു മണ്‍കൂന കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് തോന്നിയ സംശയത്തില്‍ മണ്‍കൂന ഇളക്കി പരിശോധിച്ചപ്പോഴാണ് 65കാരിയുടെ ജീര്‍ണിച്ച ജഡം കണ്ടത്. ബന്ധുക്കള്‍ ഇത് അമ്മിണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. വീട്ടില്‍ നിന്ന് അമ്മിണിയുടേതായ റേഡിയോ, ഇസ്തിരിപ്പെട്ടി, പാത്രങ്ങള്‍ തുടങ്ങിയവ കാണാതെപോയിട്ടുണ്ടെന്ന് മൊഴിയും നല്‍കി.

വണ്ടന്‍മേട് സിഐ വി.എ നവാസ് നടത്തിയ തുടരന്വേഷണത്തില്‍ ജൂലൈ 22ന് തേനി ബസ് സ്റ്റാന്‍ഡില്‍നിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയായിരുന്നു. കവര്‍ന്ന വസ്തുക്കള്‍ പലയിടങ്ങളില്‍നിന്നായി കണ്ടെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും മൃതദേഹം മറവുചെയ്യാന്‍ ഉപയോഗിച്ച തൂമ്പയും കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പന സിഐ വിശാല്‍ ജോണ്‍സണാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അമ്മിണിയെ കാണാതായി ഒന്നരമാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മിണിയെ കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷികള്‍ ഇല്ലായിരുന്നു. ശാസ്ത്രീയ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ 34 സാക്ഷികളെ വിസ്തരിച്ചു. 72 പ്രമാണങ്ങള്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി എസ് രാജേഷ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button