വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് വൈസ്പ്രസിഡന്റായ വനിതയെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കൈയേറ്റം ചെയ്തു. വണ്ണപ്പുറം പഞ്ചായത്ത് വൈസ്പ്രസിഡന്റ് റഹീമ പരീതിനെയാണ് സി.പി.എം. കാളിയാർ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് കണിച്ചാട്ട് കയ്യേറ്റം ചെയ്തത്. ഇത് തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജുവിനും മർദ്ദനമേറ്റു. ആക്രമണത്തിൽ പരിക്കേറ്റ റഹീമ പരീതും എം.എ. ബിജുവും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
പഞ്ചായത്ത് പദ്ധതികൾക്കായുള്ള വ്യക്തികളെ കണ്ടെത്തുന്നതിനുള്ള മാർക്ക് ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെയാണ് സി.പി.എം. കാളിയാർ ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് കണിച്ചാട്ട് യുഡിഎഫ് നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മർദിച്ചതെന്നാണ് പരാതി. വനിതയെ മർദിച്ചതിനും പട്ടികജാതി വിഭാഗക്കാരനായ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിനും രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.
എന്നാൽ, മാർക്കിടീൽ കമ്മിറ്റിയിൽ (വർക്കിങ് ഗ്രൂപ്പ്) അംഗമല്ലാത്തവർ പങ്കെടുത്തതിനെതിരേ പ്രതികരിച്ചപ്പോൾ പഞ്ചായത്ത് പ്രസിന്റ് ബിജു, പഞ്ചായത്തംഗം റഷീദ് തോട്ടുങ്കൽ, അഷറഫ് എന്നിവർ ചേർന്ന് അക്രമിക്കുകയായിരുന്നു എന്നാണ് രഞ്ജിത്തിന്റെ മൊഴി. ഇയാളുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 11.30-ന് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലാണ് സംഭവം. രാവിലെ 10 മുതൽ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർക്കിടീൽ നടക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് ഓഫീസിലാണ് വർക്കിങ് ഗ്രൂപ്പ് ചേർന്നത്. കമ്മിറ്റിയിൽ അംഗമല്ലാത്തവരും മാർക്കിടീലിൽ പങ്കെടുക്കുന്നുവെന്ന് രഞ്ജിത്ത് ആരോപണം ഉന്നയിച്ചു. തുടർന്ന് അംഗമല്ലാത്തവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിന്നീടും രഞ്ജിത്ത് ബഹളം തുടർന്നെന്നും പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി അക്രമിക്കുകയായിരുന്നു എന്നാണ് റഹീമ പരീത് പറയുന്നത്.
വൈസ് പ്രസിഡന്റിന് നേരേ കസേരയുമായി പാഞ്ഞെടുത്തെന്നും തടസ്സം പിടിക്കാനെത്തിയ പ്രസിഡന്റ് എം.എ. ബിജുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഷർട്ട് വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു. റഹീമ പരീത് താഴെവീഴുകയും ചെയ്തു. രഞ്ജിത്ത് വീശിയ കസേര തട്ടിയാണ് വൈസ് പ്രസിഡന്റ് വീണതെന്നും യു.ഡി.എഫ്. പറഞ്ഞു.
രണ്ടുപേരെയും ആദ്യം വണ്ണപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുവരികയായിരുന്നു. എന്നാൽ, രഞ്ജിത്തിനെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. പറയുന്നു. രഞ്ജിത്തിനെ കൈയേറ്റം ചെയ്തത് പ്രതിഷേധാർഹമാണെന്നും സി.പി.എം. അറിയിച്ചു.അന്വേഷണം നടന്നുവരികയാണെന്ന് കാളിയാർ സി.ഐ.എച്ച്. എൽ. ഹണി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. വണ്ണപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇതിനുമുമ്പ് രഞ്ജിത്തിന്റെ പേരിൽ റഹീമ പരീത് നൽകിയ പരാതി കാളിയാർ പോലീസ് സ്റ്റേഷനിൽ നിലനിൽക്കുന്നുണ്ട്. അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ആ കേസ്.
Post Your Comments