KeralaLatest News

പൊലീസ് സംരക്ഷണത്തിന് ഉത്തരവുണ്ടായിട്ടും ബസ്സുടമയെ ആക്രമിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കോട്ടയം: തൊഴിൽ തർക്കത്തെത്തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും കോട്ടയം തിരുവാർപ്പിൽ ബസ്സുടമയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ സ്വമേധയാ കോടതിയലക്ഷ്യനടപടി സ്വീകരിച്ച് ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയോടും കുമരകം സ്റ്റേഷൻഹൗസ് ഓഫീസറോടും ജൂലായ് 10-ന് രാവിലെ 10.15-ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവിട്ടു.

പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസ്സുടമ ആക്രമണത്തിനിരയായെന്ന മാധ്യമവാർത്തയെത്തുടർന്നാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ഒരു മാസത്തേക്ക് പോലീസ് സംരക്ഷണം നൽകാനായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. കേരള ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സിഐടിയു പ്രവർത്തകർ തടഞ്ഞ ബസിലെ കൊടികൾ ഉടമ രാജ്മോഹൻ നീക്കം ചെയ്തത്.

അതിനിടെ സിപിഎം പ്രാദേശിക നേതാവ് അജയ് രാജ്മോഹനെ ആക്രമിക്കുകയായിരുന്നു. പൊലീസ് സാന്നിദ്ധ്യത്തിലായിരുന്നു അതിക്രമം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാജ്‌മോഹനെ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസ് സംരക്ഷണം തേടി ബസ്സുടമകളായ മിനിക്കുട്ടിയും ഭർത്താവ് രാജ്മോഹനുമായിരുന്നു നേരത്തേ ഹൈക്കോടതിയെ സമീപിച്ചത്.

ബസ്സുടമയുടെ നാല് ബസുകൾക്കും തടസ്സമില്ലാതെ സർവീസ് നടത്താൻ പോലീസ് സംരക്ഷണം നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ജൂൺ 23-ന് ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ശ്രമിച്ചപ്പോഴാണ് ബസ്സുടമ രാജ്‌മോഹനുനേരെ സി.പി.എം. നേതാവിന്റെ ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button